'അദ്ദേഹത്തെ കുടുംബം ഉപേക്ഷിച്ചിട്ടില്ല, അത് സമൂഹത്തിന്റെ ചിന്താഗതിയുടെ കുഴപ്പം'; സിഗ്നേച്ചർ ഏജ്ഡ് കെയർ ഉടമ പറയുന്നു

ഇവിടെ ആരോഗ്യമായി ഇരിക്കുന്ന സമയത്തൊക്കെ സിനിമ കാണൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഹോബി
കെജി ജോർജ്, അലക്‌സ്/ വിഡിയോ സ്ക്രീൻഷോട്ട്
കെജി ജോർജ്, അലക്‌സ്/ വിഡിയോ സ്ക്രീൻഷോട്ട്

ന്തരിച്ച സംവിധായകൻ കെജി ജോർജ് തന്റെ അവസാന നാളുകളിൽ ഓൾഡ് ഏജ് ഹാമിലായിരുന്നു കഴിഞ്ഞിരുന്നത്. അദ്ദേഹത്തെ  കുടുംബം അവിടെ ഉപേക്ഷിച്ചതാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിലടക്കം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെ തള്ളിക്കളയുകയാണ് സിഗ്നേച്ചർ ഏജ്ഡ് കെയറിന്റെ സ്ഥാപകനായ അലക്സ്. 

കുടുംബം അദ്ദേഹത്തെ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് മികച്ച പരിചരണം കിട്ടാനാണ് ഇവിടെയാക്കിയതെന്നും അലക്സ് ടോക്സ് ലെറ്റ് മി ടോക് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

'വൃദ്ധസദനത്തിൽ കൊണ്ടാക്കി എന്ന് പറഞ്ഞ് പുച്ഛിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു കുഴപ്പമാണ്. പ്രായമുള്ളവർ കിടപ്പായവർ തുടങ്ങി പരസഹായം ആവശ്യമുള്ളവരെ താമസിപ്പിക്കുന്ന സ്ഥാപനമാണ് സിഗ്നേച്ചർ ഏജ്ഡ് കെയർ സെന്റർ. ഏകദേശം 150 ഓളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. 2018ലാണ് കെ ജി ജോർജ് ഇവിടെ എത്തുന്നത്. അന്ന് സ്ട്രോക്ക് വന്ന് റീഹാബിലിറ്റേഷനു വേണ്ടി വന്നതാണ്. ദിവസവും ഫിസിയോ തെറാപ്പി നൽകുന്നുണ്ടായിരുന്നു. മൂന്നു വർഷം വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ പോയി. പിന്നെ പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളും മറവിയും കൂടി വന്നതോടെ  കഴിഞ്ഞ ആറേഴ് മാസമായി അദ്ദേഹം പൂർണമായും കിടപ്പായിരുന്നു.  

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ട്യൂബിലൂടെയാണ് ആഹാരം കൊടുത്തിരുന്നത്. ട്രക്കിയോസ്റ്റമി ചെയ്യേണ്ടി വന്നു. അങ്ങനെ കുറച്ചു ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. സെപ്റ്റംബർ 24 ന് രാവിലെ പത്തേകാലോടു കൂടി അദ്ദേഹം വിടപറഞ്ഞു. കുറെ നല്ല സിനിമകൾ ചെയ്ത ആളാണ്, അങ്ങനെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. '- അലക്സ് പറഞ്ഞു

'ഇവിടെ ആരോഗ്യമായി ഇരിക്കുന്ന സമയത്തൊക്കെ സിനിമ കാണൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഹോബി.  മുറിയിൽ എപ്പോഴും ടിവി ഓൺ ആയിരിക്കും. അതിൽ സ്വന്തം സിനിമകളും ചിലപ്പോൾ വരാറുണ്ട്. പഞ്ചവടി പാലം ഒക്കെ ഇരുന്നു കാണുന്നത് കണ്ടിട്ടുണ്ട്.  ചിലപ്പോഴൊക്കെ എന്നെയും വിളിച്ച് കൂടെ ഇരുത്തും. ഇടക്കിടെ മറവി ഉണ്ടായിരുന്നു.

ഒരു സ്റ്റേജ് കഴിഞ്ഞാൽ വീടുകളിൽ രോഗികളെ നോക്കാൻ പറ്റാത്ത അവസ്ഥയായിരിക്കും. അദ്ദേഹത്തെ സംബന്ധിച്ചു കാലിനു ബലക്കുറവ് ഉണ്ടായിരുന്നു. എഴുന്നേക്കാനും നടക്കാനും പറ്റില്ല. വാക്കറിന്റെ സഹായത്തോടെ കാല് വലിച്ചു വലിച്ചാണ് നടന്നിരുന്നത്.  അദ്ദേഹത്തിന്റെ ഭാര്യയും പ്രായമായതാണ് അവർക്ക് നോക്കാൻ ബുദ്ധിമുട്ടായിരുന്നു അതൊക്കെ കൊണ്ടായിരിക്കും ഇവിടെ കൊണ്ട് ആക്കിയത്. അദ്ദേഹം ഇവിടെ സന്തോഷവാനായിരുന്നു. എല്ലാറ്റിനോടും സഹകരിക്കുമായിരുന്നു. എല്ലാവരും കടന്നുപോകേണ്ട ഒരു സമയം വരും ഇപ്പോൾ അദ്ദേഹത്തിന്റെ സമയം ആയി. ഭാര്യയും മക്കളുമൊക്കെ ഇടയ്ക്കിടെ വരും. ഒരു കുഴപ്പവും ഇല്ലായിരുന്നു. 

പണ്ടൊരിക്കൽ പ്രായമായവരുടെ ഒരു കൂട്ടായ്മ നടത്തിയപ്പോൾ ഞങ്ങൾ ഇവിടെ നിന്ന് അദ്ദേഹത്തെ ഉൾപ്പടെ കൊണ്ടുപോയിരുന്നു.  അന്നും അദ്ദേഹത്തെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ചു എന്നൊക്കെ ചിലർ പടച്ചു വിട്ടിരുന്നു. പ്രായമായവർക്ക് നല്ല ശുശ്രൂഷ കിട്ടണമെന്ന് ആഗ്രഹിച്ചാണ് ഇവിടെ കൊണ്ട് ആക്കുന്നത്. ഡോക്ടർമാർ ഇവിടെ താമസിക്കുന്നവർക്ക് സ്ഥിരമായി ചെക്കപ്പ് ചെയ്തു ചികിത്സ കൊടുക്കാറുണ്ട്. കെ ജി ജോർജ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധ്യതയുള്ള അവസരമൊക്കെ കഴിഞ്ഞു പോയിരുന്നു. 

ഫെഫ്കയിലെ പ്രവർത്തകർ, പിന്നെ രൺജി പണിക്കർ സർ, സിനിമാ താരങ്ങളിൽ ചിലർ ഒക്കെ വിളിക്കുകയും കാണാൻ വരുകയും ചെയ്തിരുന്നു. അദ്ദേഹം മരിക്കുമ്പോൾ ദഹിപ്പിക്കുന്നതാണ് ഇഷ്ടം എന്ന് എന്നോട് പറഞ്ഞിരുന്നു. നമ്മുടെ നാടിന്റെ അവസ്ഥ വച്ച് വീട്ടിൽ ആളെ നിർത്തി നോക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. നോക്കാൻ വരുന്നവർ നല്ല ആളുകളാണോ എന്ന് പറയാനും കഴിയില്ല.  ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് എന്ന ചൊല്ല് പോലെ വല്ലവരുടെയും കാര്യത്തിൽ അഭിപ്രായം പറയാൻ എളുപ്പമാണ്. സ്വന്തം കാര്യം വരുമ്പോഴേ അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസിലാകൂ. ഇങ്ങനെ ഉള്ള സ്ഥാപനങ്ങൾക്ക് രോഗിക്ക് എന്താണ് വേണ്ടതെന്ന് അറിഞ്ഞു ചെയ്യാൻ കഴിയും. അതുകൊണ്ട് തന്നെ നല്ല സൗഖ്യമായിട്ടാണ് ഇവിടെ പ്രായമായവർ കഴിയുന്നത്.' –അലക്സ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com