'മമ്മൂട്ടിയെ പറ്റി ബ്രിഗേഡിയര്‍ പറഞ്ഞ സ്വകാര്യം; എംഎല്‍എയായിട്ട് അദ്ദേഹത്തെ ക്ഷണിക്കുമെന്ന് കരുതിയില്ല' 

കലാപരിപാടികളുടെ വിജയപരാജയങ്ങള്‍ ഒരിക്കലും നമ്മുടെ കലാപ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞു
മമ്മൂട്ടി, മുകേഷ്/ ചിത്രം; ഫെയ്സ്ബുക്ക്
മമ്മൂട്ടി, മുകേഷ്/ ചിത്രം; ഫെയ്സ്ബുക്ക്


കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍  മമ്മൂട്ടിയുമൊത്തുള്ള ഓര്‍മ്മകള്‍ സദസ്സുമായി പങ്കുവെച്ച് നടനും എംഎല്‍എയുമായ മുകേഷ്. 

മമ്മൂട്ടി മഹാനടനായിട്ട് വരുമ്പോള്‍ താന്‍ ഇവിടെ എംഎല്‍എയായിട്ട് അദ്ദേഹത്തെ ക്ഷണിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നാണ് മുകേഷ് വേദിയില്‍ പറഞ്ഞത്. കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ അതിഥിയായി എത്തിയത് മമ്മൂട്ടി ആയിരുന്നു. വേദിയില്‍ അവതാരകന്റെ വേഷത്തിലെത്തിയത് സ്ഥലം എംഎല്‍എ മുകേഷും.

 ''ഒരുപാട് തിരക്കഥകള്‍ വായിക്കുകയും വേണ്ടെന്നു വെക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങള്‍. എന്നാല്‍ നമ്മള്‍ക്ക് പിടികിട്ടാത്തൊരു തിരക്കഥയുണ്ട്. ജീവിതത്തിന്റെ തിരക്കഥ. 42 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ കൊല്ലത്ത് കാര്‍ത്തിക ഹോട്ടലില്‍ താമസിച്ച് ബലൂണ്‍ എന്ന ചിത്രത്തില്‍ ഡോ. ബി.എ.രാജാകൃഷ്ണന്റെ ഫിയറ്റ് കാറില്‍ എന്നെയുംകൂട്ടി പൂത്തൂരിലെ ഷൂട്ടിങ് സ്ഥലത്തേക്കു പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല, അദ്ദേഹം മഹാനടനായിട്ട് വരുമ്പോള്‍ ഞാനിവിടെ എംഎല്‍എയായിട്ട് അദ്ദേഹത്തെ ക്ഷണിക്കുമെന്ന്.'' മുകേഷ് പറഞ്ഞു. 

''കടലിനെയും മമ്മൂട്ടിയെയും നോക്കിനിന്നാല്‍ ബോറടിക്കില്ലെന്ന് പണ്ട് ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. കടലിനും എനര്‍ജിയാണ്, മമ്മൂട്ടിക്കും എനര്‍ജിയാണ്. നായര്‍ സാബില്‍ അഭിനയിക്കാന്‍ ഞങ്ങള്‍ കാശ്മീര്‍ പോയപ്പോള്‍ അദ്ദേഹം ഓഫീസറും ഞങ്ങള്‍ കമാന്‍ഡോകളുമായിരുന്നു. രാവിലെ ഞങ്ങളെ പരേഡ് ചെയ്യിപ്പിക്കുകയും എക്‌സര്‍സൈസ് ചെയ്യിപ്പിക്കുകയുമെല്ലാം ചെയ്യുമ്പോള്‍ അവിടത്തെ ശരിക്കുള്ള ഒരു ബ്രിഗേഡിയര്‍ സ്വകാര്യം പറഞ്ഞു, ഞങ്ങളുടെ റെജിമെന്റില്‍ നിങ്ങളെപ്പോലെ സുമുഖനായ, എനര്‍ജറ്റിക്കായിട്ടുള്ള, ശബ്ദഗാംഭീര്യമുള്ള ഒരു ഓഫീസര്‍ ഇല്ലെന്ന്.'' - അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനെന്നനിലയില്‍ അഭിമാനംകൊണ്ട നിമിഷങ്ങളായിരുന്നു അത്'' ഇങ്ങനെ ആമുഖമായി പറഞ്ഞാണ് മമ്മൂട്ടിയെ മുകേഷ് പ്രസംഗിക്കാന്‍ ക്ഷണിച്ചത്.

കലാപരിപാടികളുടെ വിജയപരാജയങ്ങള്‍ ഒരിക്കലും നമ്മുടെ കലാപ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞു.  ഒരു പ്രകടനത്തിലെ ജയാപരാജയങ്ങള്‍ മറ്റുള്ളവര്‍ക്കൊപ്പം എത്താന്‍ സാധിച്ചില്ലെങ്കില്‍കൂടി കലാപരമായ കഴിവുകള്‍ക്ക് ഒരു കോട്ടവും സംഭവിക്കാന്‍ പോകുന്നില്ലെന്നും മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു. എന്നെ എന്തിനാണ് ഇവിടേക്ക് വിളിച്ചതെന്ന് അറിയില്ല, ഞാന്‍ ആണ് ഇതിന് അര്‍ഹതയുള്ളയാളെന്ന് മന്ത്രി പറഞ്ഞു. അതിന് അദ്ദേഹം കണ്ടു പിടിച്ചത് ഞാന്‍ ഇപ്പോഴും യുവാവാണെന്നാണ് എന്നാല്‍ കാഴ്ചയില്‍ മാത്രമാണ് താന്‍ യുവാവെന്നും വയസ് പത്ത് തൊണ്ണൂറായെന്നും മമ്മൂട്ടി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com