'ഞാന്‍ ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകന്‍'; സിനിമയിലെത്തിയ അനുഭവം പറഞ്ഞ് ഷൈന്‍  ടോം ചാക്കോ

സിനിമയില്‍ ഒരു ചാന്‍സിനായി കമലിന്റെ പുറകെ നടന്ന അഭുഭവവും ഷൈന്‍ തുറന്ന് പറഞ്ഞു. 
ഷൈന്‍  ടോം ചാക്കോ/സ്‌ക്രീന്‍ ഷോട്ട്
ഷൈന്‍  ടോം ചാക്കോ/സ്‌ക്രീന്‍ ഷോട്ട്

സിനിമയില്‍ കയറികൂടാന്‍ ചെയ്ത കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറഞ്ഞ് നടന്‍ ഷൈം ടോം ചാക്കോ. തന്റെ 100മത്തെ ചിത്രമായ 'വിവേകാന്ദന്‍ വൈറലാണ്' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് ഷൈന്‍ ടോം ചാക്കോ മനസ് തുറന്നത്. 

ഷൈന്‍ ആദ്യമായി അസോഷ്യേറ്റ് ആകുന്നതും അഭിനയിക്കുന്നതും കമലിന്റെ സിനിമ(നമ്മള്‍)യിലാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായകനായാണ് താരമെത്തുന്നത്. സിനിമയില്‍ ഒരു ചാന്‍സിനായി കമലിന്റെ പുറകെ നടന്ന അനുഭവവും ഷൈന്‍ തുറന്ന് പറഞ്ഞു. 

പ്ലസ് ടു പഠനം കഴിഞ്ഞപ്പോള്‍ അമ്മ മരിയയാണ് സിനിമയിലേക്ക് എത്തിപ്പെടാന്‍ വഴി പറഞ്ഞ് തന്നതെന്ന് ഷൈന്‍ പറയുന്നു. കമല്‍ സാറിനെ പോയി കാണ് സിനിമയില്‍ എന്തെങ്കിലും ഒരു പണി കിട്ടാതിരിക്കില്ലെന്ന് അമ്മ പറഞ്ഞു, കറുത്ത പാനലില്‍ മോണോ ആക്ട് ഫസ്റ്റ്, കഥാപ്രസംഗത്തിന് ഫസ്റ്റ് അങ്ങനെ അങ്ങനെ കുറെ കാര്യങ്ങള്‍ എഴുതി വച്ചിട്ടുള്ള ഒരു സാധനം ഉണ്ട്. അതും പിടിച്ച് ഞാന്‍ കൊടുങ്ങല്ലൂര്‍ക്ക് വണ്ടി കയറിയെന്നും ഷൈന്‍ ടോം പറയുന്നു.  

''വീട്ടിലെത്തിയപ്പോള്‍ സബൂറ ആന്റിയെ കണ്ടു, ''ഞാന്‍ ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകന്‍ പൊന്നാനിയിലുള്ള ഷൈന്‍''. അപ്പോള്‍ ആന്റിക്ക് ഓര്‍മ വന്നു. ആന്റിയോട് പറഞ്ഞു, ''കമല്‍ സാറിനെ കാണാന്‍ വന്നതാണ്. മോണോ ആക്ട്, നാടകത്തിലേക്ക് അഭിനയിച്ചിട്ടുണ്ട് ഫസ്റ്റ് കിട്ടിയിട്ടുണ്ട് എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ എന്തെങ്കിലും അവസരം വേണമായിരുന്നു''. അപ്പോള്‍ ആന്റി പറഞ്ഞു, ''അയ്യോ സര്‍ ഇവിടെ ഇല്ലല്ലോ, എറണാകുളത്ത് ഷൂട്ടിങ്ങിലാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു ''നമ്പര്‍ തന്നാല്‍ ഞാന്‍ വിളിച്ചു നോക്കാമായിരുന്നു''. സബൂറ ആന്റി നമ്പര്‍ തന്നു'' 

എന്നാല്‍ പലപ്പോഴും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രിച്ചെങ്കിലും സാറിനെ കിട്ടിയില്ലെന്നും ഷൈന്‍ പറഞ്ഞു. ലാലു ചേട്ടന്റെയും പപ്പുച്ചേട്ടന്റെയും ദിലീപേട്ടന്റെയും ഒക്കെ ഇന്റര്‍വ്യൂ വായിക്കും. ഇവരൊക്കെ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ കയറി എന്നറിഞ്ഞു. ഡയറക്ടര്‍ ആകാന്‍ വേണ്ടി അസിസ്റ്റന്റ് ആകാം. പക്ഷേ എനിക്ക് ഉള്ളില്‍ അഭിനയിക്കാനുള്ള താല്‍പര്യമായിരുന്നു. അപ്പോള്‍ എന്തു ചെയ്യും, ഞാന്‍ നോക്കിയിട്ട് സിനിമയില്‍ ആക്ടര്‍ ആകാന്‍ ചാന്‍സ് ചോദിക്കുക എന്നല്ലാതെ വേറൊരു വഴിയും ഉണ്ടായിരുന്നില്ല. ദിലീപേട്ടന്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ആദ്യം സിനിമയില്‍ വന്നതെന്ന് അങ്ങനെയാണ് കമല്‍ സാറിന്റെ അസിസ്റ്റന്റായി എത്തി നടനാകാമെന്ന് കരുതിയത് ഷൈന്‍ പറഞ്ഞു. 

''ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം സര്‍ നവരത്‌ന ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് പൊന്നാനിയില്‍ വന്നപ്പോള്‍ ഞാന്‍ സ്റ്റേജിന്റെ പിന്നില്‍ കൂടി സാറിനെ കാണാന്‍ പോയി. ഞാന്‍ ചെന്നു പറഞ്ഞു, ''സര്‍ ഞാന്‍ ഷൈന്‍, ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകന്‍ പൊന്നാനിയിലുള്ള ഷൈന്‍''. അപ്പോള്‍ സാര്‍ ചോദിച്ചു. ''ഓഹോ  എന്താണ് കാര്യം?'' അപ്പോള്‍ ഞാന്‍ പറഞ്ഞു,''ഡാഡി കാലില്‍ ആണി കുത്തി ടെറ്റനസ് ആയി കിടക്കുകയാണ്. സാറിനെ ഒന്ന് കാണണം എന്നു പറഞ്ഞു''. അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ സാറിന് വിഷമമായി. സാറും റിസബാവയും കൂടി വീട്ടിലേക്കു വന്നു. എന്റെ ലക്ഷ്യം മമ്മിയെക്കൊണ്ട് എന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ അവസരം ചോദിപ്പിക്കുക എന്നതാണ്. സര്‍ വീട്ടില്‍ വന്ന് ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ മമ്മി പറഞ്ഞു 'നീ പറയടാ', അദ്ദേഹം ചോദിച്ചു എന്താണ് പറയാനുള്ളതെന്ന്. ഞാന്‍ പറഞ്ഞു, 'ഓട്ടോഗ്രാഫ് വേണം'. 

സാറിന്റെ പ്രോഗ്രാമിന്റെ നോട്ടിസ് തന്നെ ഞാന്‍ സാറിനു നേരെ നീട്ടി. സാര്‍ അതില്‍ 'സ്‌നേഹപൂര്‍വം കമല്‍' എന്ന് എഴുതി. ഇന്നും ഞാന്‍ ഓട്ടോഗ്രാഫ് എഴുതുന്നത് അങ്ങനെയാണ് 'സ്‌നേഹപൂര്‍വം ഷൈന്‍'. സര്‍ വണ്ടിയെടുത്ത് പോകാന്‍ നേരം ഞാന്‍ മമ്മിയോട് പറഞ്ഞു, ''മമ്മി പറ, എനിക്കും അഭിനയിക്കണമെന്ന് പറ''. അപ്പോള്‍ മമ്മി പറഞ്ഞു ''നിനക്ക് അഭിനയിക്കണമെങ്കില്‍ നീ ചെന്ന് പറ''. സര്‍ വണ്ടിയില്‍ കയറിയപ്പോള്‍ ഞാന്‍ ഓടിയെത്തി ''സാറേ എനിക്കും സിനിമയില്‍ അഭിനയിക്കണം''.  സാറ് ആ ശരി എന്നു പറഞ്ഞു തല കുലുക്കി റിവേഴ്‌സ് ഗിയര്‍ ഇട്ടു വണ്ടിയെടുത്ത് പോയി. ഞാന്‍ വിചാരിച്ചു, ഇത് എന്താണ് പരിപാടി? സാധാരണ ഇങ്ങനെ ഒരാള്‍ പറഞ്ഞാല്‍ ആ വിളിക്കാട്ടോ എന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇതിപ്പോ ഒന്നും പറഞ്ഞില്ല.   ഷൈന്‍ പറഞ്ഞു. 

പിന്നീട് പ്ലസ്ടു കഴിഞ്ഞ് വീട്ടില്‍ കമല്‍ സാറിന്റെ അസിസ്റ്റന്റായി ജോലി കിട്ടിയെന്ന് പറഞ്ഞ് കള്ളം പറഞ്ഞ് പോയതായും ഷൈന്‍ പറയുന്നു.

''അന്ന് അതില്‍ സിദ്ധുവും ജിഷ്ണുവും ആണ് അഭിനയിക്കുന്നത്. 'നമ്മള്‍' ആണ് പടം. കന്റീനില്‍ നിന്ന് ഇറങ്ങി വരുന്ന ഒരു ഷോട്ടാണ് സര്‍ എടുത്തു കൊണ്ടിരിക്കുന്നത്. ക്യാമറ ചെയ്യുന്നത് അന്ന് സുകുവേട്ടന്‍ ആണ്. ആ ഷോട്ട് കഴിഞ്ഞ് ട്രാക്കില്‍ മറ്റൊരു ഷോട്ട് ആണ് ഇട്ടിരുന്നത്.  ക്രെയിന്‍ ഓപ്പറേറ്റ് ചെയ്യുന്നത് മനോഹരന്‍ ചേട്ടന്‍. ഷോട്ട് എടുക്കുമ്പോള്‍ അതില്‍ വെയിലിന്റെ പാച്ച് വീഴാതിരിക്കണം. മനോഹരേട്ടനാണ് കുടയും പിടിക്കുന്നത്. പാച്ച് കട്ട് ചെയ്തിട്ട് പോകണം. രണ്ടുമൂന്ന് ടേക്ക് കഴിഞ്ഞപ്പോള്‍ മനോഹരേട്ടന്‍ കുട അവിടെ വച്ചിട്ട് പുറകിലേക്കു പോയി. അതിനിടയില്‍ ടേക്ക്  ത്രീഫോര്‍ ഒക്കെ വിളിച്ചപ്പോള്‍ ഞാന്‍ പെട്ടെന്ന് കുടയെടുത്ത് വെയില്‍ കട്ട് ചെയ്തു തുടങ്ങി. സര്‍ അവിടെ നിന്ന് വിളിച്ചു ചോദിച്ചു റെഡി ആണോ?  അപ്പോള്‍ ഞാന്‍ പറഞ്ഞു ആ റെഡിയാണ്. ടേക്ക്  ഒക്കെയായി, സര്‍ ഒക്കെ പറഞ്ഞു, ഞാനും മനസ്സില്‍ പറഞ്ഞു, ആദ്യ പടത്തിന്റെ വര്‍ക്ക് തുടങ്ങി. അപ്പോള്‍ തന്നെ സര്‍ പാക്കപ്പും പറഞ്ഞു.

പെട്ടന്നു ഞാന്‍ നോക്കിയപ്പോള്‍ സര്‍ മുകളിലേക്ക് പോകുന്നു.  ഞാന്‍ ഓടിച്ചെന്ന് പറഞ്ഞു ''സാറേ ഞാന്‍ ചാക്കോചേട്ടന്റെയും മരിയ ചേട്ടത്തിയുടെയും മോന്‍ പൊന്നാനിയിലുള്ള ഷൈന്‍''.  സാര്‍ ചോദിച്ചു, ''നീ എന്താ ഇവിടെ.''  ''അടുത്ത പടത്തില്‍ വരാന്‍ പറഞ്ഞില്ലേ സര്‍,  ഞാന്‍ വന്നു ജോയിന്‍ ചെയ്തു.  ഞാനാണ് അവിടെ കുട പിടിച്ചുകൊണ്ട് നിന്നത്''. 

സാറ് തലയില്‍ കൈവച്ചു എന്നിട്ട് പറഞ്ഞു, ''നീ ഹോട്ടലിലേക്ക് വാ''.  ഞാനും ഹോട്ടലിലേക്ക് പോയി, കുറച്ചുനേരം ഞാനവിടെ വെയിറ്റ് ചെയ്തു.  ഇടയ്ക്ക് റിസപ്ഷനില്‍ നിന്നും സാറിനെ വിളിപ്പിക്കും എന്നിട്ട് പറയും ''സാര്‍ ഞാന്‍ ഇവിടെ നില്‍പ്പുണ്ട് ചാക്കോ ചേട്ടന്റെയും മരിയ  ചേച്ചിയുടെയും മകന്‍' അങ്ങനെ സാര്‍ എന്നെ റൂമിലേക്ക് വിളിച്ചു'' അങ്ങനെയാണ് താന്‍ അന്ന് ആ സെറ്റില്‍ കയറി പറ്റിയതെന്നും ഷൈന്‍ പറഞ്ഞു. 

അവിടെ നിന്നാണ് ഞാന്‍ ഇന്ന് ഇവിടെ വരെ എത്തിയത്. ഇത് എങ്ങനെ പറഞ്ഞു ഒപ്പിച്ചു എന്ന് എനിക്ക് അറിയില്ല. ഇതുവരെയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാത്തിരിപ്പ്. ഇപ്പോള്‍ എന്റെ നൂറാമത്തെ ചിത്രം എത്തിയിരിക്കുകയാണ്. വന്നുവന്ന് എനിക്ക് 100 വയസ്സായ പ്രതീതിയാണെന്നും ഷൈന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com