പട്ടിണി കിടന്ന്‌ ഇരുനൂറോളം പശുക്കള്‍ കൂട്ടത്തോടെ ചത്തു; ബിജെപി നേതാവ് അറസ്റ്റില്‍

പട്ടിണി കിടന്ന്‌ ഇരുനൂറോളം പശുക്കള്‍ കൂട്ടത്തോടെ ചത്തു; ബിജെപി നേതാവ് അറസ്റ്റില്‍

ഗോശാലയുടെ മേല്‍ക്കൂര ഇടിഞ്ഞുവീണാണ് ഈ പശുക്കള്‍ ചത്തിരിക്കുന്നതെന്നാണ് ബിജെപി നേതാവിന്റെ വാദം

റാജ്പൂര്‍: ഭക്ഷണം കിട്ടാതെ ഇരുനൂറോളം പശുക്കള്‍ ചത്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ഛത്തീസ്ഗഡ് ദുര്‍ഗ് ജില്ലയിലെ ഗോശാലയിലായിരുന്നു പശുക്കള്‍ കൂട്ടത്തോടെ ചത്തത്. ബിജെപിയുടെ പ്രാദേശിക നേതാവും, ജുമല്‍ മുന്‍സിപ്പാലിറ്റി വൈസ് പ്രസിഡന്റുമായ ഹരീഷ് വര്‍മ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. 

റാജ്പൂരില്‍ ഈ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയിലാണ് പശുക്കള്‍ ചത്തത്. ഏഴ് വര്‍ഷം മുന്‍പാണ് ഗോശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. സ്ഥലത്തെത്തിയ ഡോക്ടര്‍മാര്‍, ഭക്ഷണവും, മരുന്നും ലഭിക്കാതെയാണ് പശുക്കള്‍ മരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

എന്നാല്‍ ഗോശാലയുടെ മേല്‍ക്കൂര ഇടിഞ്ഞുവീണാണ് ഈ പശുക്കള്‍ ചത്തിരിക്കുന്നതെന്നാണ് ബിജെപി നേതാവിന്റെ വാദം. 30 പശുക്കള്‍ പട്ടിണി കിടന്ന് മരിച്ചതായാണ് അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ 200ല്‍ അധികം പശുക്കള്‍ ചത്തിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചത്ത പശുക്കളെ ഗോശാല പരിസരത്ത് തന്നെ കുഴിച്ചിട്ടിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു. 

ചത്ത പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. 50 പശുക്കള്‍ ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com