തിരുപ്പതിയില്‍ 26 കോടിയുടെ അസാധു നോട്ട്: മാറ്റിക്കൊടുക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്

തിരുപ്പതിയില്‍ 26 കോടിയുടെ അസാധു നോട്ട്: മാറ്റിക്കൊടുക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്
തിരുപ്പതിയില്‍ 26 കോടിയുടെ അസാധു നോട്ട്: മാറ്റിക്കൊടുക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്

വിജയവാഡ: തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഇരുപത്തിയാറു കോടിയിലധികം രൂപയുടെ അസാധു നോട്ടുകള്‍ മാറ്റിനല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. 2016 ഡിസംബര്‍ 31ന് ശേഷം തിരുപ്പതി ദേവസ്ഥാനത്ത് കാണിക്കപ്പെട്ടികളില്‍ വീണ നോട്ടുകളാണ് ഇവ.

അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികള്‍ മാറാനുള്ള അവസാന ദിനം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ആയിരുന്നു. ഈ തിയതിക്കു ശേഷവും കാണിക്കയായി പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇവ മാറ്റിനല്‍കണമെന്ന് കുറെ നാളായി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടുവരികയാണ് തിരുപ്പതി ക്ഷേത്ര അധികൃതര്‍. ഇതിനു നല്‍കിയ മറുപടിയിലാണ് നോട്ടുകള്‍ മാറ്റിനല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അസാധു കറന്‍സികള്‍ മാറ്റിക്കൊടുക്കാന്‍ ഇന്നത്തെ നിലയില്‍ വഴിയൊന്നുമില്ലെന്ന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമപ്രകാരം ഈ നോട്ടുകള്‍ സൂക്ഷിക്കുന്നതു കുറ്റകരമാണ്. അപേക്ഷ നല്‍കിയാല്‍ ദേവസ്ഥാനത്തിന്റെ ചെലവില്‍ ആര്‍ബിഐ ആസ്ഥാനത്ത് എത്തിച്ചാല്‍ നോട്ടുകള്‍ ഏറ്റെടുക്കാം. എന്നാല്‍ പകരം പണം നല്‍കാനാവില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി.

കാണിക്കയായി ലഭിക്കുന്ന നാണയങ്ങള്‍ ബാങ്കുകളില്‍ മാറ്റിയെടുക്കാന്‍ പ്രയാസം നേരിടുന്നതായും തിരുപ്പതി ദേവസ്ഥാനം പ്രതിനിധികള്‍ ആര്‍ബിഐയെ അറിയിച്ചിട്ടുണ്ട്. ബാങ്കുകള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നതിനാല്‍ പതിനഞ്ചു ലോറികളില്‍ കൊള്ളുന്ന നാണയങ്ങള്‍ ദേവസ്ഥാനത്തിന്റെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് നാണയങ്ങള്‍ സ്വീകരിക്കാന്‍ ആര്‍ബിഐ ബാങ്കുകളോടു നിര്‍ദേശിച്ചു. നാണയങ്ങള്‍ ദിവസേന ബാങ്കുകളില്‍ എത്തിക്കാനാണ് ആര്‍ബിഐയുടെ നിര്‍ദേശം.

പ്രചാരത്തിലില്ലാത്ത 5, 10, 20, 25 പൈസ നാണയങ്ങള്‍ തിരുപ്പതി ഗോഡൗണുകളിലുണ്ട്. ഇവ മുംബൈയിലെ നായണ കമ്മട്ടത്തിലേക്ക് എത്തിച്ചാല്‍ സ്വീകരിക്കാമെന്നാണ് ആര്‍ബിഐ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com