വിജയ് രൂപാണിക്ക് രണ്ടാമൂഴം ; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റു 

സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ,  നിതീഷ് കുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു
വിജയ് രൂപാണിക്ക് രണ്ടാമൂഴം ; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റു 

അഹമ്മദാബാദ് :  ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഓം പ്രകാശ് കോലി സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു രൂപാണി സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് ഇരുവരും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാകുന്നത്. 

വിജയ് രൂപാണി, നിതിന്‍ പട്ടേല്‍ എന്നിവര്‍ക്ക് പുറമേ, 18 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിതിന്‍കുമാര്‍ രത്തീലാല്‍ പട്ടേല്‍, ഭൂപേന്ദ്രസിംഗ് മനുഭ ചുദസമ, ആര്‍സി ഫെയ്ദു, കൗസിക് ഭായ് പട്ടേല്‍, സൗരഭ് പട്ടേല്‍, വാസവ ഗണപത്സിംഗ് വസ്താഭായി, ആര്‍ജെ വിത്തല്‍ബായ്, ദിലീപ്കുമാര്‍ വിരാജി താക്കൂര്‍, ഈശ്വര്‍ഭായ് രമാബായ് പാര്‍മര്‍ തുടങ്ങിയവരാണ് മന്ത്രിമാരായി അധികാരമേറ്റത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തമായ തിരിച്ചടി നേരിട്ട സൗരാഷ്ട്ര മേഖലയില്‍ നിന്നും ഏഴുപേരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫട്‌നാവിസ്, വസുന്ധര രാജ സിന്ധ്യ, രമണ്‍ സിംഗ്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്‌ , നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, രാംവിലാസ് പാസ്വാന്‍, ഗുജറാത്ത് മുന്‍മുഖ്യമന്ത്രിമാരായ കേശുഭായ് പട്ടേല്‍, ശങ്കര്‍ സിംഗ് വഗേല, ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങി നിരവധി പ്രമുഖരാണ് സംബന്ധിച്ചത്. 

രാജ്‌കോട്ട് വെസ്റ്റില്‍നിന്നാണ് 61 കാരനായ, വിജയ് രൂപാണി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷായുടെ അടുത്ത അനുയായിയാണ് രൂപാണി. ജൈനമത വിശ്വാസിയാണ്. മെഹ്‌സാനയില്‍ നിന്നാണ് പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവായ നിതിന്‍ പട്ടേല്‍ വിജയിച്ചത്.  182 അംഗ നിയമസഭയില്‍ സ്വതന്ത്രന്റെ അടക്കം 100 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്ക് ഉള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com