കര്‍ഷക സമരം; മരണം അഞ്ചായി, മധ്യപ്രദേശില്‍ സംഘര്‍ഷം വ്യാപിക്കുന്നു

കര്‍ഷക സമരം; മരണം അഞ്ചായി, മധ്യപ്രദേശില്‍ സംഘര്‍ഷം വ്യാപിക്കുന്നു

വെടിവയ്പില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഇന്നു സംസ്ഥാനത്ത് ബന്ദ് ആചരിക്കുകയാണ്

ഭോപാല്‍: കര്‍ഷക സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ അഞ്ചു പേര്‍ മരിച്ചതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ സംഘര്‍ഷാവസ്ഥ. വെടിവയ്പു നടന്ന മാന്ത്‌സൗറില്‍നിന്ന് അയല്‍ജില്ലകളിലേക്കു സംഘര്‍ഷം വ്യാപിക്കുകയാണ്. വെടിവയ്പില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഇന്നു സംസ്ഥാനത്ത് ബന്ദ് ആചരിക്കുകയാണ്.

സംഘര്‍ഷത്തെ നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കി. മേഖലയിലെ ഇന്റര്‍നെറ്റ് കണക്്ഷനുകള്‍ ഇന്നലെ തന്നെ വിച്ഛേദിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നത് തടയാനാണിത്. പതിദാര്‍ സമുദായത്തില്‍നിന്നുള്ള അഞ്ചു പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

മാന്ത്‌സൗര്‍ അടക്കം പതിനഞ്ചു ജില്ലകളിലെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ജില്ലകളില്‍ പൊലീസ് അതീവ ജാഗ്രത പാലിക്കുന്നുണ്ട്. തെരുവുകളില്‍ പട്രോളിങ് നടത്തുന്നുണ്ടെന്നും സംഘര്‍ഷാവസ്ഥ നേരിടാന്‍ സജ്ജമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു സംഭവ സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രദേശത്ത് എത്താതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. നീമച്ച്- മഹൂ ഹൈവേ പ്രക്ഷോഭകാരികള്‍ തടഞ്ഞിരിക്കുകയാണ്.  

ഹൈവേയില്‍ പ്രക്ഷോഭകര്‍ നിരവധി വാഹനങ്ങള്‍ക്കു തീവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മാന്ത്‌സൗറിനു പുറമേ സമീപത്തെ രത്‌ലം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഡോറില്‍ കര്‍ഷഖരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇവിടെ സമരക്കാര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു.

പ്രക്ഷോഭ മേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കാര്‍ഷിക വിളകള്‍ക്കു താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരം തുടങ്ങിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com