എയിംസ് പരീക്ഷയെഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി തട്ടമിടാം

എയിംസ് പരീക്ഷയെഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി തട്ടമിടാം

പരീക്ഷയ്ക്ക് തട്ടം ധരിച്ചെത്തുന്നതില്‍ തടസമില്ലെന്നും തട്ടം ധരിച്ചെത്തുന്നവര്‍ നേരത്തെ എത്തിയശേഷം പരീക്ഷാ കേന്ദ്രത്തിലെത്തി പരിശോധനയ്ക്ക് വിധേയരാകണമെന്നും എയിംസ് അധികൃതര്‍

കൊച്ചി: ഈ മാസം 28 നടക്കുന്ന എയിംസ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ തട്ടം ധരിച്ച് വരുന്നതിന് തടസമില്ലെന്ന് എയിംസ് അധികൃതര്‍. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ ലഭിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി എയിംസ് അധികൃതര്‍ നിലപാട് അറിയിച്ചത്.

പരീക്ഷയ്ക്ക് തട്ടം ധരിച്ചെത്തുന്നതില്‍ തടസമില്ലെന്നും തട്ടം ധരിച്ചെത്തുന്നവര്‍ നേരത്തെ എത്തിയശേഷം പരീക്ഷാ കേന്ദ്രത്തിലെത്തി പരിശോധനയ്ക്ക് വിധേയരാകണമെന്നും എയിംസ് അധികൃതര്‍ അറിയിച്ചു. തട്ടം ധരിച്ച് പരീക്ഷയ്ക്ക് ഹാജരാകരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിനികളായ ഫിദ ഫാത്തിമ, അഇഷ മഷൂറ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് എയിംസ് അധികൃതര്‍ നിലപാട് അറിയിച്ചത്.  എയിംസിന്റെ വിശദീകരണത്തെ തുടര്‍ന്ന് ഹര്‍ജി തീര്‍പ്പാക്കുന്നതായി ഹൈക്കോടതി അറിയിച്ചു.

തങ്ങള്‍ മുസ്ലിം മതാചാരപ്രകാരം ജീവിക്കുന്നവരാണെന്നും സ്ത്രീകള്‍ മുഖമൊഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചു പുറത്തിറങ്ങണമെന്ന മതപരമായ നിര്‍ദേശം പാലിക്കാന്‍ തങ്ങള്‍ ബാദ്ധ്യസ്ഥരാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തിരി സമയത്തേക്ക് ആണെങ്കില്‍പോലും രക്തബന്ധമില്ലാത്ത പുരുഷന്‍മാരടക്കമുള്ളവര്‍ക്കു മുന്നില്‍ മുഖമൊഴികെയുള്ള ശരീരഭാഗങ്ങള്‍ വസ്ത്രത്താല്‍ മറയ്ക്കാതെ എത്തരുതെന്നാണ് പ്രമാണം. ആ നിലയ്ക്ക് എയിംസ് പ്രവേശന പരീക്ഷയ്ക്ക് ഹിജാബ് (ശിരോവസ്ത്രം) ധരിക്കാതെ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു അഭിപ്രായം

എയിംസ് പ്രവേശന പരീക്ഷയ്ക്ക് ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള മതസ്വാതന്ത്ര്യത്തിനു വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജിക്കാരികള്‍ക്കു പുറമേ ഇതേ ആവശ്യം ഉന്നയിച്ച് എം.എസ്.എഫ് ഈ സംഘടനയുടെ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ഫാത്തിമ തഹലിയ, മെഡിഫെഡ് ചെയര്‍മാന്‍ വി.ഇ സിറാജുദ്ദീന്‍ എന്നിവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com