റയാന്‍ സ്‌കൂള്‍ കൊലപാതകം; കുറ്റം സമ്മതിപ്പിക്കാന്‍ പൊലീസ് പീഡിപ്പിക്കുകയും മരുന്ന് കുത്തിവയ്ക്കുകയും ചെയ്‌തെന്ന് ബന്ധുക്കള്‍

റയാന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന പ്രദുമന്‍ താക്കൂറിനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ചാണ് സെപ്റ്റംബര്‍ 10 ന് അശോക് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്
റയാന്‍ സ്‌കൂള്‍ കൊലപാതകം; കുറ്റം സമ്മതിപ്പിക്കാന്‍ പൊലീസ് പീഡിപ്പിക്കുകയും മരുന്ന് കുത്തിവയ്ക്കുകയും ചെയ്‌തെന്ന് ബന്ധുക്കള്‍

ഗുരുഗ്രാം: ഹരിയാനയിലെ റയാന്‍ സ്‌കൂളില്‍ എട്ടു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അശോക് കുമാറിനെ കുറ്റം സമ്മതിപ്പിക്കാന്‍ ഗുരുഗ്രാം പൊലീസ് പീഡിപ്പിക്കുകയും മരുന്ന് കുത്തിവയ്ക്കുകയും ചെയ്‌തെന്ന് കുടുംബത്തിന്റെ ആരോപണം.

റയാന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന പ്രദുമന്‍ താക്കൂറിനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ചാണ് സെപ്റ്റംബര്‍ 10 ന് അശോക് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. മകനെ ബലിയാടാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന കാര്യം വ്യക്തമായിരിക്കുകയാണെന്നു അശോക് കുമാറിന്റെ പിതാവ് അമീര്‍ചന്ദ് പറഞ്ഞു. കുറ്റം സമ്മതിക്കുന്നതിനും മാധ്യമങ്ങള്‍ക്കുമുന്നില്‍ ഏറ്റുപറയുന്നതിനും മകനെ ക്രൂരമായി മര്‍ദ്ദിക്കുകയും മരുന്ന് കുത്തിവെയ്ക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുമെന്നും അമീര്‍ ചന്ദ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് അതേ സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയെ സിബിഐ ബുധനാഴ്ച്ച പിടികൂടിയ സാഹചര്യത്തിലാണ് പൊലീസിനെതിരെ അമീര്‍ചന്ദ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. പ്രതിയാണെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത അശോകിന് സിബിഐ ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നു. അശോകിന് ജാമ്യം കിട്ടിയാലുടന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റിനുമെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് അശോക് കുമാറിന്റെ അഭിഭാഷകന്‍ മോഹിത് വര്‍മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com