ശ്രീശ്രീ രവിശങ്കര്‍ അയോധ്യയില്‍ ഇടപെടുന്നത് സ്വത്തിനെക്കുറിച്ചുള്ള അന്വേഷണം ഒഴിവാക്കാനെന്ന് ബിജെപി നേതാവ്

അദ്ദേഹം സ്വന്തം സംഘടനയുമായി നടന്നാല്‍ മതി, അതുവഴി ആവുന്നത്ര സ്വത്തുണ്ടാക്കട്ടെ
ശ്രീശ്രീ രവിശങ്കര്‍ അയോധ്യയില്‍ ഇടപെടുന്നത് സ്വത്തിനെക്കുറിച്ചുള്ള അന്വേഷണം ഒഴിവാക്കാനെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: അയോധ്യാ പ്രശ്‌നത്തില്‍ ആര്‍ട് ഒഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ചോദ്യം ചെയ്ത് ബിജെപി നേതാവ്. കുന്നുകൂടുന്ന സ്വന്തം സ്വത്തിനെക്കുറിച്ചുള്ള അന്വേഷണം ഒഴിവാക്കാനാണ് രവിശങ്കര്‍ അയോധ്യാ പ്രശ്‌നത്തില്‍ ഇടപെടുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംപിയുമായ രാംവിലാസ് വേദാന്തി ആരോപിച്ചു.

അയോധ്യാ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രീശ്രീ രവിശങ്കര്‍ ആരാണെന്ന് വേദാന്തി ചോദിച്ചു. അദ്ദേഹം സ്വന്തം സംഘടനയുമായി നടന്നാല്‍ മതി, അതുവഴി ആവുന്നത്ര സ്വത്തുണ്ടാക്കട്ടെ. കുന്നുകൂടുന്ന സ്വത്തിനെക്കുറിച്ചുള്ള അന്വേഷണം ഒഴിവാക്കാനാണ് രവിശങ്കര്‍ രാമക്ഷേത്ര പ്രശ്‌നത്തില്‍ തലയിടുന്നത് എന്നാണ് തനിക്കു തോന്നുന്നതെന്ന് വേദാന്തി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള സംഘപരിവാര്‍ ശ്രമങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വേദാന്തി നേരത്തെയും രവിശങ്കറിന്റെ ഇടപെടലിനെ എതിര്‍ത്തിരുന്നു. 

അയോധ്യാ പ്രശ്‌നത്തില്‍ രവിശങ്കര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് എതിരെ വിശ്വഹിന്ദു പരിഷത്തും അഖിലേന്ത്യാ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡും രംഗത്തുവന്നിരുന്നു. അതേസമയം അയോധ്യയില്‍ മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്തുന്നതിനു മുമ്പായി രവിശങ്കര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാവുമെങ്കില്‍ നല്ലതാണ് എന്നാണ് രവിശങ്കറുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ആദിത്യനാഥ് അഭിപ്രായപ്പെട്ടത്.

അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിന് മുസ്ലിംകള്‍ എതിരല്ലെന്ന് ഏതാനും മുസ്ലിം സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം രവിശങ്കര്‍ ഇന്നലെ അഭിപ്രായപ്പെട്ടു. മഹാക്ഷേത്രം നിര്‍മിക്കുകയാണ് അയോധ്യയില്‍ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമെന്നും രവിശങ്കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com