തേജ് പ്രതാപ് യാദവിനെ തല്ലുന്നവര്‍ക്ക് ഒരു കോടി പാരിതോഷികം നല്‍കാമെന്ന് ബിജെപി നേതാവ്

ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്കെതിരെ തേജ് പ്രതാപ് അധിക്ഷേപകരമായി സംസാരിച്ചെന്ന് ആരോപിച്ചാണ് അനില്‍ സാഹ്നിയുടെ ഈ വാഗ്ദാനം.
തേജ് പ്രതാപ് യാദവിനെ തല്ലുന്നവര്‍ക്ക് ഒരു കോടി പാരിതോഷികം നല്‍കാമെന്ന് ബിജെപി നേതാവ്

പട്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും സംസ്ഥാന മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിനെ തല്ലുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബിജെപി നേതാവ് അനില്‍ സാഹ്നി. ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്കെതിരെ തേജ് പ്രതാപ് അധിക്ഷേപകരമായി സംസാരിച്ചെന്ന് ആരോപിച്ചാണ് അനില്‍ സാഹ്നിയുടെ ഈ വാഗ്ദാനം. പട്‌ന ജില്ലയിലെ ബിജെപിയുടെ മീഡിയ ഇന്‍ ചാര്‍ജാണ് അനില്‍.

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയുടെ മകന്റെ വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെടുത്തുമെന്നും വീട്ടില്‍ക്കയറി അടിക്കുമെന്നും തേജ് പ്രതാപ് പറയുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തെത്തുകയും വൈറലാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് തേജ് പ്രതാപിനെ അടിക്കുന്നയാള്‍ക്ക് ഒരു കോടി വാഗ്ദാനവുമായി അനില്‍ രംഗത്തെത്തിയത്.

'തേജ് പ്രതാപിനെ അടിക്കുന്ന ആള്‍ക്ക് ഒരുകോടി രൂപ പ്രതിഫലമായി ഞങ്ങള്‍ നല്‍കും. നമ്മുടെ ബഹുമാന്യനായ ഉപമുഖ്യമന്ത്രിയെ(സുശീല്‍ കുമാര്‍ യാദവ്) വീട്ടില്‍ക്കയറി അടിക്കുമെന്ന് ആര്‍ജെഡി നേതാവ്( തേജ് പ്രതാപ് യാദവ്) ഭീഷണിപ്പെടുത്തി. യാദവിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്'- അനില്‍ പറഞ്ഞു.

തേജ് പ്രതാപിന്റെ വീടിനു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും അതിലൂടെ സുശീല്‍ മോദിയോട് മാപ്പ് പറയാന്‍ തേജ് പ്രതാപിനെ നിര്‍ബന്ധിതനാക്കുമെന്നും അനില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നതില്‍നിന്ന് മകനെ തടയണമെന്ന് സുശീല്‍ മോദി ലാലുവിനോട് ആവശ്യപ്പെടുകയും ചെയ്തു. 

അതേസമയം അനില്‍ സാഹ്നിയുടെ 
ഈ പ്രസ്താവനയെ തള്ളി ബിജെപി നേതൃത്വം മുന്നോട്ടു വന്നിട്ടുണ്ട്. സാഹ്നി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിക്ക് അതില്‍ പങ്കില്ലെന്നും ബിജെപി വക്താവ് സുരേഷ് റുങ്ത അറിയിച്ചു. സാഹ്നിയ്‌ക്കെതിരേ അച്ചടക്ക ലംഘനത്തിനു നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com