യോഗി ആദിത്യനാഥ് യൂസ്‌ലെസ് ഭരണാധികാരിയെന്ന് രാഹുല്‍ ഗാന്ധി

യോഗി ആദിത്യനാഥ് യൂസ്‌ലെസ് ഭരണാധികാരിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യൂസ് ലെസ് ഭരണാധികാരിയെന്ന് എഐസിസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യോഗി സര്‍ക്കാര്‍ തയാറാക്കിയ മികച്ച ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ്മഹലിനെ ഒഴിവാക്കിയതു പരാമര്‍ശിച്ചാണ് രാഹുലിന്റെ വിമര്‍ശനം.

ലോകത്തിലെ സപ്താദ്ഭുതങ്ങളില്‍ ഒന്ന് എന്നു വിശേഷിക്കപ്പെടുന്ന താജ്മഹലിനെ യോഗി സര്‍ക്കാര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. താജ്മഹലിന്റെ മുഗള്‍ പശ്ചാത്തലത്തിന്റെ പേരിലാണ് ബിജെപി സര്‍ക്കാര്‍ ഒഴിവാക്കിയത് എന്നായിരുന്നു മുഖ്യമായും ചൂണ്ടിക്കാണിക്കപ്പെട്ടത്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നില്ലെന്ന് യോഗി കുറച്ചു മുമ്പ് ബിഹാറില്‍ പ്രസംഗിച്ചതും ചിലര്‍ ഓര്‍മിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ യോഗിക്കെതിരെ പരിഹാസമുയര്‍ത്തിയത്.

നമ്മള്‍ മെഴുകുതിരി അതിനു നേരെ ഉയര്‍ത്തിക്കാണിക്കുന്നില്ല എ്‌നുവച്ച് സൂര്യന് ശോഭയൊന്നും കുറയുന്നില്ല. ഇരുട്ടു മൂടിയ നഗരം, ഉപയോഗശൂന്യനായ ഭരണാധികാരി (അന്ധേരി നഗരി, ചൗപട് രാജ) എന്ന കാവ്യകല്‍പ്പന മുന്നോട്ടുവയ്ക്കുമ്പോള്‍ ഭാരതേന്ദു ഹരിശ്ചന്ദ്ര ഉദ്ദേശിച്ചത് ഇത്തരത്തിലുള്ള ഭരണം ആണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. 

രാഹുലിനു പുറമേ പ്രതിപക്ഷ നിരയിലെ മറ്റു നേതാക്കളും താജ്മഹല്‍ വിവാദത്തില്‍ യോഗി ആദിത്യനാഥിനെതിരെ രംഗത്തുവന്നിട്ടുണ്ട്. താജ്മഹലിന്റെ സൗന്ദര്യവും ചരിത്ര പ്രാധാന്യവും ലോകത്തിന് അറിയാം. അതറിയാത്ത യുപി മുഖ്യമന്ത്രി ലോകത്തിനു മുന്നില്‍ പരിഹാസ്യനാവുകയേ ഉള്ളൂവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അഭിപ്രായപ്പെട്ടു. വര്‍ഗീയ ശക്തികള്‍ക്ക് യോജിച്ച വിധത്തില്‍ യുപിക്കു പുതിയ സാമുദായിക നിറം നല്‍കാനാണ് യോഗി ശ്രമിക്കുന്നതെന്ന് എസ്പി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു. 

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പട്ടികയായി പ്രസിദ്ധീകരിക്കുകയല്ല, നടന്നുവരുന്ന പ്രൊജക്ടുകളെക്കുറിച്ച് വിശദീകരിക്കുകയാണ് ബുക്ക്‌ലെറ്റിലൂടെ ഉദ്ദേശിച്ചിരുന്നത് എന്നാണ് താജ്മഹല്‍ വിവാദത്തില്‍ യുപി സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com