കാല്‍നൂറ്റാണ്ടിനിപ്പുറം കാലത്തിന്റെ കാവ്യനീതി, മങ്ങുന്നത് അഡ്വാനിയുടെ രാഷ്ട്രപതി സ്വപ്‌നങ്ങള്‍

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം  ബാബരി പ്രശ്‌നത്തില്‍ തട്ടി അഡ്വാനിയുടെ രാഷ്ട്രപതി സ്വ്പനങ്ങള്‍ക്കു മങ്ങല്‍ വീഴുമ്പോള്‍ അതിനെ കാലത്തിന്റെ കാവ്യനീതിയെന്നു വിശേഷിപ്പിച്ചാല്‍ തെറ്റാവില്ല. 
കാല്‍നൂറ്റാണ്ടിനിപ്പുറം കാലത്തിന്റെ കാവ്യനീതി, മങ്ങുന്നത് അഡ്വാനിയുടെ രാഷ്ട്രപതി സ്വപ്‌നങ്ങള്‍

ന്യൂഡല്‍ഹി:  ബാബരി മസ്ജിദിനെച്ചൊല്ലിയുള്ള തര്‍ക്കം ഊതിപ്പെരുപ്പിച്ചാണ് എല്‍കെ അഡ്വാനി ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയില്‍ കാവിരാഷ്ട്രീയത്തിന്റെ തേരോട്ടത്തിനു തുടക്കമിട്ടത്. ഒറ്റയക്ക സംഖ്യയില്‍നിന്നും ബിജെപിയുടെ പാര്‍ലമെന്ററി അംഗബലം കുതിച്ചുയര്‍ന്നത്, ബാബരി പ്രശ്‌നത്തില്‍ പെരുപ്പിച്ച ഹിന്ദുവികാരത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ബാബരി പ്രശ്‌നത്തില്‍ തട്ടി അഡ്വാനിയുടെ രാഷ്ട്രപതി സ്വ്പനങ്ങള്‍ക്കു മങ്ങല്‍ വീഴുമ്പോള്‍ അതിനെ കാലത്തിന്റെ കാവ്യനീതിയെന്നു വിശേഷിപ്പിച്ചാല്‍ തെറ്റാവില്ല. 

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന സുപ്രീം കോടതി വിധിയോടെ എല്‍കെ അഡ്വാനി രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാനുള്ള സാധ്യതയില്‍ മങ്ങള്‍ വീണെന്നത് ഏതാണ്ട് വ്യക്തമാണ്. ക്രിമിനല്‍ ഗൂഢാലോചന കേസില്‍ വിചാരണ നേരിടുന്ന ഒരാളെ രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിക്കുന്നതിന് പാര്‍ട്ടിയില്‍നിന്നും എന്‍ഡിഎ സഖ്യകക്ഷികളില്‍നിന്നും പൂര്‍ണ പിന്തുണ ലഭിക്കില്ല. ഈ പശ്ചാത്തലത്തില്‍ ബിജെപി മാര്‍ഗദര്‍ശക് മണ്ഡല്‍ അംഗങ്ങളായ അഡ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്കും മുരളീ മനോഹര്‍ ജോഷിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും പരിഗണിക്കുന്നതിന്  പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തുന്ന നീക്കം സുപ്രിം കോടതി വിധിയില്‍ തട്ടി ഇല്ലാതാവാനാണ് സാധ്യത. 

നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും താത്പര്യമില്ലെങ്കിലും അഡ്വാനിയെ രാഷ്ട്രപതി സ്ഥാനത്ത് എത്തിക്കുന്നതിന് സജീവമായ നീക്കമാണ് ബിജെപിയില്‍ നടന്നിരുന്നത്. ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടെ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍നിന്നുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കുകയെന്ന നിര്‍ദേശം പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നോട്ടുവച്ചിരുന്നു. എങ്കിലും അഡ്വാനി തന്നെയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ഫ്രണ്ട് റണ്ണര്‍ ആയി കണക്കാക്കപ്പെട്ടിരുന്നത്. മോദി പ്രഭാവത്തില്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ അഡ്വാനി അര്‍ഹിക്കുന്ന പദവിയാണ് ഇതെന്ന വാദത്തിന് ബിജെപിയില്‍ വലിയ സ്വീകാര്യയാണുള്ളതെന്ന് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇരുപത്തിയഞ്ചു വര്‍ഷം പഴക്കമുള്ള ബാബരി കേസില്‍ വീണ്ടും പ്രതിസ്ഥാനത്ത് എത്തുന്നതോടെ ഈ സാധ്യതയാണ് അടയ്ക്കപ്പെടുന്നത്. 

രണ്ട് കേസുകളാണ് ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റര്‍ ചെയ്തത്. മസ്ജിദ് തകര്‍ത്തതിന് കര്‍സേവകര്‍ക്ക് എതിരെ എടുത്ത കേസാണ് ഇതില്‍ ആദ്യത്തേത്,  മസ്ജിദ് തകര്‍ക്കുന്നതിന് ഗൂഢാലോചന നടത്തിയതിനും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിനും നേതാക്കള്‍ക്കെതിരെ എടുത്ത കേസാണ് രണ്ടാമത്തേത്. എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ്, വിനയ് കട്യാര്‍, വിഷ്ണു ഹരി ഡാല്‍മിയ, സതീഷ് പ്രധാന്‍, സി ആര്‍ ബന്‍സാല്‍,  ആര്‍ വി വേദാന്തി, ജഗദിഷ് മുനി മഹാരാജ്, ബി എല്‍ ശര്‍മ്മ, നൃത്യ ഗോപാല്‍ ദാസ്, ദാരാം ദാസ്, സതീഷ് നഗര്‍ എന്നിവരാണ് ഈ കേസിലെ പ്രതികള്‍. അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെ, വിഎച്ച്പി നേതാക്കളായ ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഗാള്‍, സാദ് വി ഋതംബര മഹന്ത് ആവൈദ്യനാഥ്,  പരമഹന്‍സ് റാം ചന്ദ്ര ദാസ്, മോരേശ്വര്‍ സാവേ എന്നിവരും പ്രതികള്‍ ആയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിനു ശ്രമിക്കല്‍, രാജ്യത്തിന്റ അഖണ്ഡത തകര്‍ക്കാന്‍ ശ്രമിക്കല്‍, ലഹളയും മറ്റും ലക്ഷ്യം വച്ച് തെറ്റായ വസ്തുതകളും അപവാദങ്ങളും പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആണ് ഈ കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതില്‍ അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയ ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് സുപ്രിം കോടതി പുനസ്ഥാപിച്ചിരിക്കുന്നത്. 

റായ്ബറേലി കോടതിയില്‍ നടന്നുവന്ന ഗൂഢാലോചന കേസ് ലക്‌നൗ കോടതിയിലേക്ക് മാറ്റുകയും കര്‍സേവര്‍ക്കെതിരെ എടുത്ത കേസിനൊപ്പം ഒരുമിപ്പിക്കുകയും ചെയ്യുന്നതോടെ വിചാരണ ആദ്യം മുതല്‍ ആരംഭിക്കുന്നതിനാണ് വഴിയൊരുങ്ങുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷത്തെ സമയ പരിധി സുപ്രീം കോടതി നിശ്ചയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com