വാജ്‌പേയിയല്ല, ഗുര്‍മീതിനെ അകത്താക്കിയത് മന്‍മോഹന്റെ ഉറച്ച നിലപാടുകള്‍; സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

കേസ് അന്വേഷണം അട്ടിമറിക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് അന്നത്തെ പ്രധാനമന്ത്രിക്കും  സിബിഐക്കും ഉണ്ടായിരുന്നത്. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സി.ബി.ഐക്ക് ഒപ്പം നിന്നു
വാജ്‌പേയിയല്ല, ഗുര്‍മീതിനെ അകത്താക്കിയത് മന്‍മോഹന്റെ ഉറച്ച നിലപാടുകള്‍; സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ദേര സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിമിനെതിരെയുള്ള അന്വേഷണത്തിന് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും അട്ടിമറിക്കാതെ പോയത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ഇടപെടല്‍ മൂലമാണെന്ന് ബലാത്സംഗക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും റിട്ട. ഡി.ഐ.ജിയുമായ എം. നാരായണന്‍. പ്രധാനമന്ത്രി വാജ്‌പേയിക്ക്  ഇരയായ പെണ്‍കുട്ടി അയച്ച കത്താണ്  ഗുര്‍മീത് തടവിലാകാന്‍ ഇടയാക്കിയെന്ന പ്രചാരണം വ്യാപകമാകുന്നതിനിടയിലാണ് നാരായണന്റെ വെളിപ്പേടുത്തല്‍

കേസ് അന്വേഷണം അട്ടിമറിക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് അന്നത്തെ പ്രധാനമന്ത്രിക്കും  സിബിഐക്കും ഉണ്ടായിരുന്നത്. എന്നാല്‍ 
അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സി.ബി.ഐക്ക് ഒപ്പം നിന്നു. നിയമപ്രകാരം മുന്നോട്ടു പോകണമെന്നാണ് അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. സമ്മര്‍ദ്ദവുമായി പഞ്ചാബ്, ഹരിയാന എംപിമാര്‍ രംഗത്തെത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ എം.പിമാരുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും കേസ് ചര്‍ച്ച ചെയ്യാനായി അന്നത്തെ സി.ബി.ഐ മേധാവി വിജയ് ശങ്കറിനെ അദ്ദേഹം വിളിച്ചുവരുത്തി. ഇരയുടെ മൊഴി കണ്ട ശേഷമാണ് സിങ് ഞങ്ങളെ പിന്തുണച്ചത്' നാരായണന്‍ വ്യക്തമാക്കി. 


2002ല്‍ ലഭിച്ച പരാതിയിലാണ് അഞ്ച് വര്‍ഷത്തിന് ശേഷം അന്വേഷണം ആരംഭിച്ചത്. ദേര ആശ്രമത്തില്‍ 1992നും 2002നും ഇടയില്‍ ലൈംഗിക പീഡനങ്ങള്‍ കാരണം നൂറ് കണക്കിന് സ്വാധിമാര്‍ ആശ്രമം വിട്ടിരുന്നതായും ഗുര്‍മീതിനെതിരെ ലഭിച്ചത് അജ്ഞാത പരാതിയായിരുന്നതിനാല്‍ ഇരകളെ കണ്ടെത്തേണ്ടത് വലിയ ബുദ്ധിമുട്ടായിരുന്നെന്നും നാരായണന്‍ പറയുന്നു. 

എന്നാല്‍ അന്വേഷണത്തിന് ഒടുവില്‍ പത്തു പേരെ കണ്ടെത്താനായി. അവരെല്ലാം വിവാഹിതരായിരുന്നതിനാലും കുടുംബ ജീവിതം നയിക്കുന്നതിനാലും പരാതി നല്‍കാന്‍ മുന്നോട്ടുവന്നില്ല. അംബാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രണ്ട് ഇരകളെ മാത്രമാണ് തങ്ങള്‍ക്ക് കൂടെ നിര്‍ത്താനായത്. സിര്‍സയിലെ ദേര സച്ചാ സൗദ ആസ്ഥാനത്തേക്ക് കയറുന്നത് കഠിനമായ ജോലിയായിരുന്നു. ഗുര്‍മിതിന്റെ ഗുണ്ടകള്‍ നിരവധി തവണ സി.ബി.ഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആശ്രമത്തില്‍ മധ്യകാല യുഗത്തിലെ രാജാക്കന്മാരെപ്പോലെയാണ് ഗുര്‍മീത് കഴിഞ്ഞിരുന്നതെന്നും നാരായണന്‍ പറയുന്നു.

ഗുര്‍മീതിന് ചുറ്റും സാധ്വികള്‍ (സന്യാസിനി) എന്നറിയപ്പെടുന്ന സുന്ദരികളായ സ്ത്രീകളുണ്ടായിരുന്നു. എല്ലാ രാത്രിയും പത്തു മണിക്ക് ഒരു സാധ്വിയെ കിടപ്പുമുറിയിലേക്ക് പറഞ്ഞയക്കാന്‍ സന്യാസിനിമാരിലെ മേധാവിക്ക് 'ഗുരു' നിര്‍ദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ മുറിയില്‍ ഗര്‍ഭനിരോധിത ഉറകളുടെയും ഗുളികകളുടെയും ശേഖരം തന്നെയുണ്ടായിരുന്നു. വേറൊരു തരം മനോനിലയില്‍ ആ മനുഷ്യന് തീര്‍ത്തും അപരിഷ്‌കൃതനായിരുന്ന ഒരാള്‍.


ഗുര്‍മീതിന്റെ അടുത്ത അനുയായിരുന്നു രഞ്ജിത് സിങ്. അയാളുടെ സഹോദരിയെ ഗുര്‍മീത് മാനഭംഗപ്പെടുത്തിയതോടെ രണ്ടു പേരും സിര്‍സ വിട്ടു. അതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ്ഹരിയാന ഹൈക്കോടതിയില്‍ അജ്ഞാത കത്തെത്തുന്നത്.രഞ്ജിത് സിങാണ് ഇതിനു പിന്നില്‍ എന്ന് കരുതി അദ്ദേഹത്തെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു റാം റഹിം. അദ്ദേഹത്തെ കൊല്ലാന്‍ ഉപയോഗിച്ച പിസ്റ്റള്‍ ദേരയിലെ മാനേജരുടേതായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. ഇതിനു പിന്നില്‍ ഗുര്‍മീത് ആണ് എന്നെനിക്കുറപ്പാണെന്നും നാരായണന്‍ പറയുന്നു.

പത്തുവര്‍ഷം നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവില്‍ ഗുര്‍മീതിന് ഇരുപത് വര്‍ഷം തടവ് വിധിച്ച സിബിഐ കോടതി വിധിയില്‍ നാരായണന് പൂര്‍ണ തൃപ്്തിയുണ്ട്. കാസര്‍ഗോഡ് സ്വദേശിയാണ് ഈ വിരമിച്ച ഉദ്യേഗസ്ഥന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com