കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം ; പ്രസിഡന്റായി ശനിയാഴ്ച ചുമതലയേല്‍ക്കും

19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അധികാരകൈമാറ്റം നടക്കുന്നത്.
കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം ; പ്രസിഡന്റായി ശനിയാഴ്ച ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തു. ശനിയാഴ്ച രാവിലെ പാര്‍ട്ടി അധ്യക്ഷപദം രാഹുല്‍ ഏറ്റെടുക്കും. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എതിരില്ലാതെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് മുല്ലപ്പള്ളി പറഞ്ഞു. 

19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അധികാരകൈമാറ്റം നടക്കുന്നത്. സീതാറാം കേസരിയുടെ പിന്‍ഗാമിയായിട്ടാണ് സോണിയ കോണ്‍ഗ്രസ് അധ്യക്ഷയാകുന്നത്. തുടര്‍ന്ന് 19 വര്‍ഷമായി സോണിയയുടെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി. ശനിയാഴ്ച രാവിലെ 11 മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും രാഹുല്‍ ചുമതല ഏറ്റെടുക്കുക. ചുമതലക്കൈമാറ്റത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയും അന്ന് ചേരും. 

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ് മുഖ്യ വരണാധികാരിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പില്‍ രാഹുലിന് എതിര്‍സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. രാഹുലിന്റെ പേര് നിര്‍ദേശിച്ച് 89 പത്രികകളാണ് തെരഞ്ഞെടുപ്പ് സമിതിയ്ക്ക് ലഭിച്ചത്. 

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ചരിത്രമുഹൂര്‍ത്തമാണിതെന്ന് പ്രഖ്യാപനം നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തുന്ന പതിനേഴാമത്തെ നേതാവാണ് രാഹുല്‍ഗാന്ധി. രാഹുല്‍ അധ്യക്ഷനായതോടെ, കോണഅ#ഗ്രസില്‍ പുതുയുഗപ്പിറവിക്കാണ് വഴിതെളിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com