കര്‍ഷക ആത്മഹത്യ പെരുകുന്ന മഹാരാഷ്ട്രയില്‍ കര്‍ഷകലോണുകളെക്കുറിച്ച് പഠിക്കാന്‍ കോടികള്‍ മുടക്കി മന്ത്രിമാരുടെ വിദേശയാത്ര

വരുന്നവഴി ഒരുദിവസത്തെ 'പഠനം' സിംഗപ്പൂരിലുമുണ്ട്
വിദര്‍ഭയില്‍ ഒരു കര്‍ഷകന്‍ അടുത്തിടെ ആത്മഹത്യ ചെയ്തതാണ് ചിത്രത്തില്‍. ഇത് നിത്യ കാഴ്ചയായി മാറുകയാണ്
വിദര്‍ഭയില്‍ ഒരു കര്‍ഷകന്‍ അടുത്തിടെ ആത്മഹത്യ ചെയ്തതാണ് ചിത്രത്തില്‍. ഇത് നിത്യ കാഴ്ചയായി മാറുകയാണ്

മുംബൈ: 'മന്ത്രിമാര്‍ വിദേശത്തു പഠിക്കാനായി പോയ പൈസമതി ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍' എന്ന തമാശയായി പറയാറുണ്ടെങ്കില്‍ ഇനി, മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തതുപോലെ എന്നു പറഞ്ഞാല്‍ മതി. കര്‍ഷക ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന മഹാരാഷ്ട്രയില്‍നിന്നും മന്ത്രിമാരും എംഎല്‍എമാരുമായി 16 പേരാണ് കോടിക്കണക്കിന് രൂപ മുടക്കി വിദേശരാജ്യങ്ങളില്‍ കറങ്ങുന്നത്. പോകുന്നതിന്റെ ഉദ്ദേശം കര്‍ഷകരുടെ ലോണ്‍ തിരിച്ചടവ് എങ്ങനെയാണ് വിദേശരാജ്യങ്ങള്‍ സാധ്യമാക്കുന്നത് എന്ന് പഠിക്കാന്‍. ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലൂടെയാണ് യാത്ര. പിന്നെ ഇടയ്ക്ക് വരുന്നവഴി ഒരുദിവസത്തെ 'പഠനം' സിംഗപ്പൂരിലുമുണ്ട്.
കൃഷിമന്ത്രി പാണ്ഡുരംഗ് ഫണ്ഡ്കറും 16 എംഎല്‍എമാരുമാണ് ഈ പഠനയാത്രയിലുള്ളത്. ഒരാള്‍ക്ക് ആറുലക്ഷം രൂപ വീതം ചെലവു വരുമെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പാതി സര്‍ക്കാര്‍ വഹിക്കുമെന്നും ബാക്കി അംഗങ്ങള്‍ വഹിക്കണമെന്നുമാണ് തീരുമാനം. അങ്ങനെയാണെങ്കില്‍ത്തന്നെ 50 ലക്ഷം രൂപയാണ് ഇതിനായി ഏറ്റവും ചുരുങ്ങിയ ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരിക.
എഴുന്നൂറോളം കര്‍ഷകര്‍ അടുത്ത കാലങ്ങള്‍ക്കിടയില്‍ ആത്മഹത്യ ചെയ്ത വിദര്‍ഭയും മരത്വാഡയും ഉള്‍പ്പെടെയുള്ള പ്രദേശത്തുള്ളവര്‍ തങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് പണം മുടക്കിയുള്ള ഈ പഠനസംഘത്തിന്റെ യാത്ര. 30,000 കോടിരൂപയുടെ കടം എഴുതിത്തള്ളണമെന്നാണ് കര്‍ഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇതിന് ഉത്തമമായ മാതൃക സ്വദേശത്തുതന്നെ കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ഭരണത്തിലേറിയയുടന്‍ കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളാനുള്ള പദ്ധതിയുണ്ടാക്കിയതാണ് ബിജെപി സര്‍ക്കാരിനുമുന്നില്‍ ജനങ്ങള്‍ വച്ച മാതൃക. എന്നാല്‍ ഇക്കാര്യത്തില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വാദം. ഈ പഠനം നടക്കുന്നതിനിടെയാണ് വിദേശത്തേക്കുള്ള മന്ത്രിയടക്കം 16പേരുടെ വിദേശയാത്രാപഠനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com