പിണറായിയില്‍ നിന്നും മടങ്ങിയത് സ്വയം രക്ഷയ്ക്ക്; അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷ നീക്കം ശക്തം

Published: 10th October 2017 07:23 AM  |  

Last Updated: 10th October 2017 07:23 AM  |   A+A-   |  

 

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരായ ആരോപണങ്ങളില്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ പ്രതിപക്ഷത്തിന്റെ നീക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദില്ലി ബിജെപി ഓഫീസിലേക്ക്  ഇന്ന് മാര്‍ച്ച് നടത്തും. ഗുജറാത്ത് സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം വീണ്ടും ഉന്നയിച്ചേക്കും. എന്നാല്‍ ആരോപണങ്ങളില്‍ ഇതുവരെ അമിത് ഷാ പ്രതികരിച്ചിട്ടില്ല.  ഇന്ന് അമിത്ഷാ ഉത്തര്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലാണ് അമിത് ഷായുടെ റാലി.

ജയ് ഷായുടെ കമ്പനി ഒറ്റ വര്‍ഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയതില്‍ നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കൂടി ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍െ്രെപസസ് എന്ന കമ്പനി 50,000 രൂപയില്‍ നിന്ന് ഒറ്റ വര്‍ഷം കൊണ്ട് 80.5 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി ഉയര്‍ന്നു എന്ന് ദി വയര്‍ എന്ന ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയ്‌ക്കെതിരെ അമിത് ഷായുടെ മകന്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരുന്നു. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ട നോട്ടീസ് ഓണ്‍ലൈന്‍ മാധ്യമത്തിന് അയച്ചിരിക്കുന്നത്.


ജയ്ഷായ്ക്ക് നിയമോപദേശം നല്കാന്‍ ശനിയാഴ്ച താന്‍ നിയമമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നു എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. തുഷാര്‍ മേത്ത മുമ്പ് ഗുജറാത്തിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്നു. ആവശ്യമെങ്കില്‍ ജയ് ഷായ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകുമെന്നും തുഷാര്‍ മേത്ത പറഞ്ഞു. 

അതേസമയം ജനരക്ഷായാത്രയ്ക്കിടെ അമിത് ഷാ പിണറായില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങിയത് മകനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ നിന്നും സ്വയം രക്ഷനേടാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് വയര്‍ വെബ്‌പോര്‍ട്ടല്‍ അന്വേഷണം നടത്തുന്നതായി അമിത്ഷായ്ക്ക് വിവരം ലഭിച്ചിരുന്നു. ദ് വയര്‍ വെബ്‌സൈറ്റില്‍ നിന്നും കഴിഞ്ഞയാഴ്ച ചോദ്യാവലി കിട്ടിയപ്പോള്‍ ജെയ് ഷായ്ക്ക് അപകടം മണത്തു. ഇതേ തുടര്‍ന്നാണ് പരിപാടയില്‍നിന്നും അമിത് ഷാ മടങ്ങിയത്. അമിത് ഷായുടെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ അരുണ്‍ ജെയ്റ്റ്‌ലിയാണെന്നും ആരോപണം ഉയരുന്നുണ്ട്