ദളിത് യുവാവുമായുളള ബന്ധം;മധുരയില്‍ പതിനാറുകാരി ദുരഭിമാനഹത്യക്ക് ഇരയായി

കുറ്റകൃത്യത്തിന് മാതാപിതാക്കളെ പ്രേരിപ്പിച്ചത് പെണ്‍കുട്ടിയുടെ ദളിത് യുവാവുമായുളള ബന്്ധം കുടുംബത്തിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയെന്ന ചിന്ത
ദളിത് യുവാവുമായുളള ബന്ധം;മധുരയില്‍ പതിനാറുകാരി ദുരഭിമാനഹത്യക്ക് ഇരയായി

മധുര: ദളിത് യുവാവുമായുളള ബന്ധത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനഹത്യ. സവര്‍ണജാതിയില്‍പ്പെട്ട പതിനാറു വയസുകാരിയെ 
മാതാപിതാക്കള്‍ കൊലപ്പെടുത്തി. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 
മധുരയില്‍ കിലാവനേരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. 

കാര്‍ഷികവ്യത്തിയില്‍ ഏര്‍പ്പെട്ടിരുന്ന മാതാപിതാക്കള്‍ തന്റെ മകള്‍ ഒക്ടോബര്‍ ഏഴിന് ആത്മഹത്യ ചെയ്തതായി പൊലീസിനെ അറിയിക്കുകയായിരുന്നു.  പത്താം ക്ലാസ് പരീക്ഷയിലെ തോല്‍വിയില്‍  ഉണ്ടായ മനോവിഷമമാണ് മരണ കാരണമെന്നായിരുന്നു മാതാപിതാക്കളുടെ ആദ്യ വിശദീകരണം. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സത്യം പുറത്തുവന്നത്. പെണ്‍കുട്ടിയുടെ കഴുത്തിലെ അടയാളങ്ങള്‍ കഴുത്തുഞെരിച്ച് കൊല്ലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന്  മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ദളിത് യുവാവുമായുളള ബന്്ധം കുടുംബത്തിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയെന്ന ചിന്തയാണ് കുറ്റകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

സവര്‍ണ ജാതിക്കാര്‍ അയിത്തം കല്‍പ്പിച്ച്  കീഴ്ജാതിക്കാരെ നീക്കിനിര്‍ത്തുന്ന നിരവധി സംഭവങ്ങള്‍ മധുരയില്‍ ഇതിന്് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും രാജ്യത്ത് ഉയര്‍ന്നിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com