ദേശീയ ഗാനവും, സ്വര്‍ഗസ്ഥനായ പിതാവേയും ഞങ്ങള്‍ ഒരുമിച്ചു പാടി; ദേശഭക്തി അടിച്ചേല്‍പ്പിക്കുന്നതില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരാമര്‍ശങ്ങള്‍ ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2017 09:47 AM  |  

Last Updated: 24th October 2017 09:47 AM  |   A+A-   |  

national_anthme

ന്യൂഡല്‍ഹി: ഞാന്‍ ഒരു മിഷനറി സ്‌കൂളിലാണ് പഠിച്ചത്. ദേശീയ ഗാനവും, സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രര്‍ഥനയും ഒരുമിച്ച് പാടി. ഞങ്ങള്‍ക്ക് രണ്ടിനും തുല്യ പ്രാധാന്യമായിരുന്നു. സിനിമാ തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതിയുടെ തന്നെ ഉത്തരവിനെ നിശിതമായി വിമര്‍ശിക്കവെ, മിഷനറി സ്‌കൂളുകളില്‍ ദേശീയ ഗാനം പാടാറില്ലെന്ന ഒരു അഭിഭാഷകന്റെ പ്രതികരണത്തിനായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഈ വാക്കുകള്‍. 

സാമൂഹികവും,  സാംസ്‌കാരികവുമായ മൂല്യങ്ങള്‍ മാതാപിതാക്കളില്‍ നിന്നും, അധ്യാപകരില്‍ നിന്നുമാണ് ലഭിക്കേണ്ടത്. അല്ലാതെ കോടതി ഉത്തരവുകളിലൂടെയല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ്‌  ചൂണ്ടിക്കാട്ടി. സിനിമാ തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും എഴുന്നേറ്റ് നില്‍ക്കണമെന്ന വിധി പറഞ്ഞ ജസ്റ്റിസ് ദീപക് മിശ്രയെ അരുകിലിരുത്തിയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ രൂക്ഷ പ്രതികരണങ്ങള്‍. 

സിനിമാ തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നത് തടയുന്നതിനുള്ള നിയമത്തില്‍ പറയുന്നില്ല. കാരണം, സിനിമാ തീയറ്റര്‍ ഉല്ലാസത്തിനുള്ള സ്ഥലമാണ്. ജനം സിനിമാ തീയറ്ററില്‍ പോകുന്നത് ഉല്ലസിക്കാനാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ്‌ പറഞ്ഞു. 

ഇന്ത്യ വൈവിധ്യമുള്ള രാജ്യമാണെന്നും, ഏക രൂപം കൈവരിക്കാന്‍ സിനിമാ തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കേണ്ടതുണ്ടെന്നുമായിരുന്നു എജി കെ.കെ.വേണുഗോപാലന്‍ കോടതിയില്‍ പറഞ്ഞത്. തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നത് ഐക്യ ബോധം ഉണ്ടാക്കുമെന്നും, എല്ലാവരും ഇന്ത്യക്കാരാണെന്ന് കരുതുമെന്നും ഐജി വാദിച്ചു. 

എന്നാല്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍ തീയറ്ററുകളില്‍ എഴുന്നേറ്റു നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല. ദേശീയ ഗാനത്തോടുള്ള അനാദരവെന്നു പറഞ്ഞ് ജനങ്ങള്‍ ടീ ഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ച് തിയറ്ററില്‍ വരുന്നത് തടയണമെന്നാണോ അടുത്തതായി നിങ്ങള്‍ പറയാന്‍ പോവുന്നതെന്ന് കോടതി ചോദിച്ചു. സദാചാര പൊലീസിങ് എങ്ങാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ഇതിനെ വിശേഷിപ്പിച്ചത്.

തീയറ്റുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റുനിന്നില്ല എന്നതിന്റെ പേരില്‍ ആരെയും രാജ്യദ്രോഹിയായി കാണാനാവില്ല.ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റുനിന്നില്ലെങ്കില്‍ ദേശവിരുദ്ധനാവും എ്‌ന ഭീതിയാണ് ജനങ്ങള്‍ക്കുള്ളതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ്‌ ചൂണ്ടിക്കാട്ടി. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി അഭിഭാഷകന്‍ സി.യു.സിങ് മുഖേന കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ രൂക്ഷ പ്രതികരണങ്ങള്‍.