ഡല്‍ഹിയിലെ മാലിന്യക്കൂമ്പാരത്തില്‍ സ്‌ഫോടനം: രണ്ട് മരണം
By സമകാലികമലയാളം ഡെസ്‌ക് | Published: 01st September 2017 09:53 PM |
Last Updated: 01st September 2017 09:53 PM | A+A A- |

ന്യൂഡെല്‍ഹി: ഡല്‍ഹി ഗാസിപ്പൂരിലെ മാലിന്യക്കൂമ്പാരത്തില്‍ സ്‌ഫോടനം. രണ്ടുപേര്‍ മരിച്ചു, അഞ്ചുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ മാലിന്യങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയത്തില്‍ ഇവിടെ ദുരന്തനിവാരണസേന പരിശോധന തുടരുകയാണ്. അഭിഷേക്(20), രാജകുമാരി(30) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
നാല് പേര്‍ കൂടി മാലിന്യങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മാലിന്യക്കൂമ്പാരത്തില്‍നിന്നുണ്ടാകുന്ന വാതകമാണു സ്‌ഫോടനത്തിനു കാരണമായതെന്നാണു സൂചന. റോഡിലൂടെ പോകുകയായിരുന്ന കാര്‍ സ്‌ഫോടനത്തിന്റെ ശക്തിയില്‍ സമീപത്തെ കോണ്ട്‌ലി കനാലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നാലു കാറുകള്‍ക്കൂടി കനാലില്‍ വീണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കനാലില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
മുപ്പത് വര്‍ഷത്തിലേറേയായി ഡല്‍ഹി നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലമാണിതെന്നും, നിക്ഷേപിച്ച മാലിന്യങ്ങള്‍ക്ക് മേലെ പിന്നെയും മാലിന്യങ്ങള്‍ നിക്ഷേപിച്ച് ഒരു മലയായി മാറുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. 33 വര്‍ഷത്തോളം തുടര്‍ച്ചയായ നിക്ഷേപിച്ച മാലിന്യങ്ങള്‍ 50 അടിയോളം ഉയരത്തില്‍ ഏക്കര്‍കണക്കിന് സ്ഥലത്തായി ഇവിടെ കിടക്കുന്നുണ്ട്.