പെണ്‍കുട്ടിക്ക് അടക്കമില്ലായ്മയെന്ന് കോടതി; ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ജാമ്യം

ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് അടക്കവും ഒതുക്കവുമില്ലെന്ന് കാണിച്ച് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
പെണ്‍കുട്ടിക്ക് അടക്കമില്ലായ്മയെന്ന് കോടതി; ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ജാമ്യം

ചണ്ഡീഗഡ്: ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് അടക്കവും ഒതുക്കവുമില്ലെന്ന് കാണിച്ച് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ജിണ്ടല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഘം ചെയ്ത കേസിലാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പഞ്ചാബില്‍ ഏറെ കോലാഹലങ്ങള്‍ക്കിടയായിരുന്ന കേസായിരുന്നു ഇത്. കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിവാദമായേക്കാവുന്ന പരാമര്‍ശം നടത്തിയത്.

പെണ്‍കുട്ടിയുടെ പെരുമാറ്റം പ്രതികളെ പ്രകോപിപ്പിക്കുന്നതായിരുന്നു എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. പ്രതികളായ ഹാര്‍ദ്ദിക് സിക്രി, കരണ്‍ ചാബ്ര, വികാസ് ഗാര്‍ഗ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. പ്രതികളുടെ സ്വഭാവം നന്നാക്കാനായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെത്തിച്ച് കൗണ്‍സിലിങ് നല്‍കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

പെണ്‍കുട്ടിക്കെതിരെ നടന്നത് നിന്ദ്യവും പൈശാചികവുമായ കൃത്യമാണെങ്കിലും പെണ്‍കുട്ടിയുടെ ലൈംഗികമായ അച്ചടക്കമില്ലായ്മയും മറ്റുള്ളവരുടെ ലൈംഗിക ചെയ്തികള്‍ രഹസ്യമായി നിരീക്ഷിച്ചു അനുഭൂതിയുളവാക്കുന്ന സ്വഭാവവുമാണ് പ്രതികളെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുള്ള  വാദമാണ് കോടതി മുന്നോട്ട് വയ്ക്കുന്നത്. ജസ്റ്റിസ് മഹേഷ് ഗ്രോവര്‍, ജസ്റ്റിസ് രാജ് ശേഖര്‍ അത്രി എന്നിവരുള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പ്രതികളില്‍ ഒരാളായ ഹാര്‍ദ്ദിക് തന്റെ നഗ്‌നചിത്രം പെണ്‍കുട്ടിക്ക് അയച്ചു കൊടുക്കുകയും പെണ്‍കുട്ടിയോട് അവളുടെ നഗ്‌നചിത്രം അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി കോടതി പറഞ്ഞു. ഹാര്‍ദ്ദിക് നിര്‍ദ്ദേശിച്ച സെക്‌സ് ടോയ് താന്‍ വാങ്ങി ഉപയോഗിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയതായും ജഡ്ജിമാരായ മഹേഷ് ഗ്രോവര്‍, രാജ്‌ശേഖര്‍അത്രി എന്നിവര്‍ പറഞ്ഞു. 

പ്രതികള്‍ മൂന്ന് പേരും കൂടി 10 ലക്ഷം രൂപ കോടതിയില്‍ അടയ്ക്കണമെന്നും ഈ തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കേസില്‍ വിധി പ്രസ്താവിച്ച പ്രാദേശിക കോടതി ഹാര്‍ദ്ദിക്കിനും കരണിനു 20 വര്‍ഷം വീതവും വികാസിന് ഏഴ് വര്‍ഷവും തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ മേല്‍ക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

2015 ഏപ്രില്‍ 11നാണ് പെണ്‍കുട്ടി പീഡനവിവരം ചൂണ്ടിക്കാട്ടി യൂണിവേഴ്‌സിറ്റി ഭരണസമിതിയില്‍ പരാതി നല്‍കുന്നത്. അവസാനവര്‍ഷ നിയമവിദ്യാര്‍ഥികളായിരുന്നു മുന്ന് പ്രതികളും തന്നെ 2013 ഓഗസ്റ്റ് മുതല്‍ ഭീഷണിപ്പെടുതി ബലാത്സംഗം ചെയ്യുന്നു എന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ ആക്ഷേപകരമായ ഫോട്ടോസ് കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com