'ഇമ്പോസിഷൻ' എഴുതി മടുത്തു; ക്രിസ്റ്റ്യൻ മിഷേൽ എട്ട് ദിവസം കൊണ്ട് എഴുതിത്തീർത്തത് ആയിരത്തോളം പേജുകൾ

അ​ഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ അറസ്റ്റിലായ ക്രിസ്റ്റ്യൻ മിഷേലിന്റെ കൈയക്ഷരം കണ്ടെത്താൻ സിബിഐ ശ്രമം
'ഇമ്പോസിഷൻ' എഴുതി മടുത്തു; ക്രിസ്റ്റ്യൻ മിഷേൽ എട്ട് ദിവസം കൊണ്ട് എഴുതിത്തീർത്തത് ആയിരത്തോളം പേജുകൾ

ന്യൂഡൽഹി: അ​ഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ അറസ്റ്റിലായ ക്രിസ്റ്റ്യൻ മിഷേലിന്റെ കൈയക്ഷരം കണ്ടെത്താൻ സിബിഐ ശ്രമം. കേസുമായി ബന്ധപ്പെട്ട ചില കൈയെഴുത്ത് രേഖകളുമായി ഒത്തുനോക്കാൻ മിഷേലിനെക്കൊണ്ട് സിബിഐ എഴുതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിബിഐ പറയുന്ന കൈയെഴുത്ത് മിഷേലിന്റേതല്ലെന്ന് അഭിഭാഷകർ വാദിച്ചു. ഇക്കാര്യം വ്യക്തമായിട്ടും അതുമായി സാമ്യമുള്ള കൈയക്ഷരം ലഭിക്കുന്നതിനാണ് ഇങ്ങനെ എഴുതിപ്പിക്കുന്നത്. എട്ട് ദിവസമായി ആയിരത്തോളം പേജാണ് മിഷേൽ എഴുതിത്തീർത്തത്. സിബഐ ആ​ഗ്രഹിക്കുന്നത് പോലെ എഴുതി ഒപ്പിട്ട് നൽകാൻ ആകില്ലെന്നും അഭിഭാഷകർ പറഞ്ഞു. 

സിബിഐ പറയുന്ന കൈയെഴുത്തു കുറിപ്പ് കേസിലെ മറ്റൊരു ഇടനിലക്കാരനായ ഹക്കെയുടേതാണെന്ന് അഭിഭാഷകർ വാ​ദിക്കുന്നു. മുതിർന്ന കോൺ​ഗ്രസ് നേതാക്കളെക്കുറിച്ചും നെഹ്റു കുടുംബാം​ഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കുറിപ്പിലുള്ളതെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ കരുതുന്നത്. 

അതിനിടെ ക്രിസ്റ്റ്യൻ മിഷേലിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന സിബിഐ ആവശ്യം കോടതി തള്ളി. പത്ത് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട മിഷേലിനെ തീഹാർ ജയിലിലടച്ചു. ദുബായിയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച മിഷേലിന്റെ 15 ദിവസത്തെ കസ്റ്റഡി അവസാനിപ്പിച്ചു കൊണ്ടാണ് പ്രത്യേക ജഡ്​ജി അരവിന്ദ് കുമാർ ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മിഷേലിന്റെ ജാമ്യാപക്ഷേയിൽ ഈ മാസം 22ന് വിധി പറയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com