വകുപ്പ് വിഭജനത്തില്‍ പരമേശ്വരയ്ക്ക് കനത്ത തിരിച്ചടി ; ആഭ്യന്തരം സിദ്ധരാമയ്യയുടെ അനുയായിക്ക് ; കടുത്ത അതൃപ്തിയില്‍ ഉപമുഖ്യമന്ത്രി ; കോണ്‍ഗ്രസില്‍ ഭിന്നത

പരമേശ്വരയുടെ കയ്യിലുണ്ടായിരുന്ന ആഭ്യന്തര വകുപ്പ്  സിദ്ധരാമയ്യ അനുയായിയായ എംബി പട്ടേലിന് നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു
വകുപ്പ് വിഭജനത്തില്‍ പരമേശ്വരയ്ക്ക് കനത്ത തിരിച്ചടി ; ആഭ്യന്തരം സിദ്ധരാമയ്യയുടെ അനുയായിക്ക് ; കടുത്ത അതൃപ്തിയില്‍ ഉപമുഖ്യമന്ത്രി ; കോണ്‍ഗ്രസില്‍ ഭിന്നത

ബംഗളൂരു : കര്‍ണാടകയിലെ വകുപ്പു വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്ക്ക് തിരിച്ചടിയായി. രാഹുല്‍ഗാന്ധിയുടെ തീരുമാനം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് വന്‍ നേട്ടമായി. പരമേശ്വരയുടെ കയ്യിലുണ്ടായിരുന്ന ആഭ്യന്തര വകുപ്പ്  സിദ്ധരാമയ്യ അനുയായിയായ എംബി പട്ടേലിന് നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. 

ഇതോടെ പരമേശ്വരയുടെ കയ്യില്‍ ബംഗളൂരു വികസന അതോറിട്ടി, ഐടി-ബിടി, നിയമം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകള്‍ മാത്രമായി. സുപ്രധാനമായ ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കേണ്ടി വന്നതില്‍ പരമേശ്വര കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എട്ടു കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്തി കുമാരസ്വാമി മന്ത്രിസഭ കഴിഞ്ഞയാഴ്ച വികസിപ്പിച്ചിരുന്നു. എന്നാല്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാനായിരുന്നില്ല. വകുപ്പ് വിഭജനം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം ബംഗളൂരുവില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ പരമേശ്വരയും സിദ്ധരാമയ്യയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് നടന്നത്. 

ദീര്‍ഘകാലം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയാണ് താന്‍ ഈ പദവിയില്‍ എത്തിയത്. തന്റെ വകുപ്പുകളില്‍ ആരും ഇടപെടേണ്ടതില്ലെന്ന് ഉപമുഖ്യമന്ത്രി പരമേശ്വര യോഗത്തില്‍ പറഞ്ഞു. അഞ്ചുവര്‍ഷക്കാലം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, കെപിസിസി പ്രസിഡന്റായിരുന്ന താന്‍ ഇടപെട്ടിട്ടില്ലെന്നും പരമേശ്വര പറഞ്ഞു. 

തര്‍ക്കത്തിനിടെ, പരമേശ്വര യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. പരമേശ്വരയും സിദ്ധരാമയ്യയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിഷയം ഹൈക്കമാന്‍ഡിന് വിടാന്‍ കര്‍ണാടകയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വകുപ്പു വിഭജനക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഒരു തര്‍ക്കവുമില്ലെന്നായിരുന്നു പരമേശ്വരയും സിദ്ധരാമയ്യയും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നത്. 

പുതുതായി ചുമതലയേറ്റ സതീഷ് ജാര്‍ക്കോളിക്ക് വനം വകുപ്പും, സി എസ് ശിവലിക്ക് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പും നല്‍കി. ഇ തുക്കാറാമിന് മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പും നല്‍കി. മന്ത്രി ജയമാലയുടെ കൈയിലുണ്ടായിരുന്ന കന്നഡ, സംസ്‌കാര വകുപ്പുകള്‍ മന്ത്രി ഡി കെ ശിവകുമാറിനും നല്‍കി. ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ ചുമതലയും ശിവകുമാറിനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com