ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ഇനി മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാം ഇത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു. ഉപഗ്രഹ - ഭൗമ നെറ്റ്വര്‍ക്ക് വഴി ഈ സേവനങ്ങള്‍ ലഭ്യമാക്കാനാണു ശുപാര്‍ശ.
വിമാനയാത്രയ്ക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാപ്രശ്നങ്ങളോ ഇല്ലാതെ വേണം ശുപാര്‍ശ നടപ്പാക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തില്‍ കുറഞ്ഞത് 3000 മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളിലാണു സേവനം നല്കാന് ശുപാര്‍ശ. മൊബൈല്‍ ഫോണ്‍ ഫ്ളൈറ്റ് മോഡിലായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.എങ്കില്‍ മാത്രം ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണു ശുപാര്‍ശ. ഇതു സംബന്ധിച്ച അറിയിപ്പും വിമാനത്തില്‍ നല്‍കണം. ഇന്റര്‍നെറ്റ് സൗകര്യത്തില്‍ തടസ്സമുണ്ടാകരുത്. മറ്റുരീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു
വോയിസ്, ഡേറ്റ, വിഡിയോ സേവനങ്ങള്‍ മൊബൈലില്‍ ലഭ്യമാക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റില്‍ ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടിയിരുന്നു. ആഭ്യന്തര - രാജ്യാന്തര യാത്രയ്ക്കിടെ ഇന്ത്യയില്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാക്കാനാകുമോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. തുടര്‍ന്നാണ് 'ഇന്‍ഫ്ലൈറ്റ് കണക്ടിവിറ്റി' ശുപാര്‍ശകള്‍ ട്രായ് പുറത്തുവിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ