പൈപ്പുകള്‍ ആത്മാക്കള്‍ക്കു പറന്നുപോവാനോ? കൂട്ടമരണത്തില്‍ ദുരൂഹത തുടരുന്നു, ഗൂഢാലോചനയുണ്ടെന്ന് ബന്ധുക്കള്‍

പൈപ്പുകള്‍ ആത്മാക്കള്‍ക്കു പറന്നുപോവാനോ? കൂട്ടമരണത്തില്‍ ദുരൂഹത തുടരുന്നു, ഗൂഢാലോചനയുണ്ടെന്ന് ബന്ധുക്കള്‍
പൈപ്പുകള്‍ ആത്മാക്കള്‍ക്കു പറന്നുപോവാനോ? കൂട്ടമരണത്തില്‍ ദുരൂഹത തുടരുന്നു, ഗൂഢാലോചനയുണ്ടെന്ന് ബന്ധുക്കള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പതിനൊന്നു പേരെ അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചതിനെക്കുറിച്ച് ഇനിയും വ്യക്തത വരുത്താന്‍ പൊലീസിനായിട്ടില്ല. ദുര്‍മന്ത്രവാദമാണ് മരണത്തിലേക്കു നയിച്ചതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോള്‍ ഗൂഢാലോചനയുണ്ടെന്ന വാദവുമായി ബന്ധുക്കള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.

ഇവരില്‍നിന്നു കണ്ടെത്തിയ കുറിപ്പാണ് ദുര്‍മന്ത്രവാദത്തിലേക്കുള്ള സൂചന നല്‍കിയത്. ദൈവത്തെ കാണണം എന്നാണ് കുറിപ്പില്‍ ഉള്ളതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. വ്യാഴാഴ്ചയോ ഞായറാഴ്ചയോ ജീവന്‍ വെടിയണം എന്നുള്ള നിര്‍ദേശം മറ്റൊരു കുറിപ്പിലുണ്ട്. ഇതെല്ലാം ഇവര്‍ ഏതോ മന്ത്രവാദിയുടെ സ്വാധീനത്തിലായിരുന്നുവെന്നതിന്റെ സൂചനകളാണെന്നാണ് പൊലീസ് കരുതുന്നത്. ഇതിനെ സാധൂകരിക്കുന്ന ചില പ്രദേശവാസികളുടെ മൊഴിയും ലഭിച്ചിട്ടുണ്ട്. സ്ഥലത്തു കണ്ടെത്തിയ പതിനൊന്നു പൈപ്പുകള്‍ പതിനൊന്നുപേരുടെ ആത്മാവിനു പോവാനുള്ള വഴികളാണെന്നാണ്, അയല്‍വാസിയുടെ മൊഴി. ഇവരുടെ വീട്ടില്‍ അപരിചിതരായ ആളുകള്‍ വന്നിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഇവര്‍ക്കു പ്ലൈവുഡ് ബിസിനസ് ആയതിനാല്‍ പൈപ്പുകള്‍ വെന്റിലേഷനു വേണ്ടി വച്ചതാണെന്നാണ് ഒരു ബന്ധു പൊലീസിനോടു പറഞ്ഞത്. മരണത്തിനുപിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു. 

മരണം കൊലപാതകമാണെന്നു സംശയിക്കുന്ന തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ചിട്ടില്ല. പതിനൊന്നു പേരുടെയും തൂങ്ങിമരണമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എങ്കിലും അതിലേക്കു നയിച്ച കാരണംഅന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്തുനിന്ന് ലഭിച്ച കുറിപ്പില്‍ വ്യാഴാഴ്ചയോ ഞായറാഴ്ചയോ ആത്മഹത്യ ചെയ്യാന്‍ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതായി കാണാം. ഈ സമയം മങ്ങിയ പ്രകാശം ഉറപ്പുവരുത്തണമെന്നും കുറിപ്പില്‍ നിര്‍ദേശമുണ്ട്.

ആല്‍മരത്തിന്റെ ശിഖരങ്ങള്‍ തൂങ്ങികിടക്കുന്നതുപോലെ എല്ലാവരും തൂങ്ങികിടക്കണമെന്നും കുറുപ്പില്‍ എഴുതിയിട്ടുണ്ട്. ഈ സമയം ആരും ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ആറോളം മൊബൈല്‍ ഫോണുകള്‍ ഒന്നിച്ച് പോളിത്തീന്‍ ബാഗില്‍ അടച്ച നിലയില്‍ വീട്ടിലെ ഷെല്‍ഫില്‍ നിന്ന് കണ്ടെത്തിയിരുന്നു.

വടക്കന്‍ ഡല്‍ഹിയിലാണ് ഇരുമ്പുഗ്രില്ലില്‍ തൂങ്ങിയ രീതിയില്‍ 10 മൃതദേഹങ്ങളും വീട്ടിലെ ഏറ്റവും പ്രായംചെന്ന സ്ത്രീയെ (നാരായണി) നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തിയത്. ചിലരുടെ കണ്ണും വായും മൂടുകയും കൈകള്‍ കെട്ടുകയും ചെയ്തിട്ടുണ്ടായിരുന്നു. മരിച്ചവരുടെ കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളും കണ്ടിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ പത്തു പേരും തൂങ്ങിമരിച്ചതായാണ് തെളിഞ്ഞത്. നാരായണിയുടെ മരണത്തില്‍ വ്യക്തതയില്ല. തലേന്നു കഴിച്ച ഭക്ഷണത്തില്‍ ഉറക്ക മരുന്നു കലര്‍ത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com