നോട്ട് നിരോധനം: ബിജെപി ഗുജറാത്തിലെ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുത്തത് 4,293.71 കോടി; രാജ്യം കണ്ട വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ്

നോട്ട് നിരോധനം: ബിജെപി ഗുജറാത്തിലെ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുത്തത് 4,293.71 കോടി; രാജ്യം കണ്ട വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ്
നോട്ട് നിരോധനം: ബിജെപി ഗുജറാത്തിലെ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുത്തത് 4,293.71 കോടി; രാജ്യം കണ്ട വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് പിന്നാലെ ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് ഗുജറാത്തിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ 14,293.71 കോടി രൂപ നിക്ഷേപം നടത്തിയതായി കോണ്‍ഗ്രസ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ വലിയ തുകയാണ് നിക്ഷേപം നടത്തിയത്. ഒരു ജനതയെ മുഴുവന്‍ വിഡ്ഢികളാക്കി ബി.ജെ.പി ഏറ്റവും വലിയ അഴിമതി നടത്തിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

2018 മെയ് 7 ന് ലഭിച്ച വിവരാകശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു വരുന്നത്. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ എസ്. റോയിയുടെ ചോദ്യത്തിന് മറുപടിയായി നബാര്‍ഡിന്റെ ചീഫ് ജനറല്‍ മാനേജര്‍ എസ്. ശരവണവേല്‍ ആണ് സഹകരണ ബാങ്കിലെ അസാധുനോട്ട് നിക്ഷേപത്തിന്റെ കണക്കുകള്‍ നല്‍കിയത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനത്തിലൂടെ നടന്നതെന്ന് കോണ്‍ഗ്രസ് തെളിവുകള്‍ നിരത്തി ആരോപിക്കുന്നു.


നോട്ട് നിരോധനം നിലവില്‍ വന്ന ദിവസങ്ങളില്‍ ഗുജറാത്തിലെ ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ കോടികളാണ് മറിഞ്ഞത്.നോട്ട് നിരോധനം  ലക്ഷക്കണക്കിന് സാധാരണക്കാരെയാണ് മണിക്കൂറുകളോളം വരിയില്‍ നിര്‍ത്തി ദുരിതമനുഭവിപ്പിച്ചത്. അതേ സമയം കള്ളപ്പണക്കാര്‍ യഥേഷ്ടം പഴയ നോട്ടുകള്‍ മാറിയെടുത്തു. ബിജെപിയുടെ നിയന്ത്രണത്തിലിരിക്കുന്ന സഹകരണ ബാങ്കുകളില്‍ മാറിയെടുത്ത കോടികളുടെ കണക്കുകള്‍ നോക്കാം.

1. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് - 745.58 കോടി (അമിത് ഷാ മുന്‍ ചെയര്‍മാനും, നിലവില്‍ ഡയറക്ടറുമായ ബാങ്കാണിത്. രാജ്യത്തെ 370 ജില്ലാ സഹകരണ ബാങ്കുകളില്‍ വെച്ച് ഏറ്റവും കൂടുതല്‍ തുക നോട്ട് നിരോധന സമയത്ത് മാറിയ ബാങ്ക്. ബിജെപി നേതാവും അമിത് ഷായുടെ ഉറ്റ അനുയായിയുമായ അജയ് പട്ടേലാണ് ബാങ്കിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍. അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിയുടെ പേരില്‍ ഉയര്‍ന്ന കേസിലുണ്ടായിരുന്ന യശ്പാല്‍ ചുദസാമ ബാങ്കിന്റെ മറ്റൊരു ഡയറക്ടറാണ്).

2. രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്ക് - 693.19 കോടി (ഗുജറാത്തിലെ കാബിനറ്റ് മന്ത്രിയായ ജയേഷ് ഭായ് വിത്തല്‍ ഭായ് റദാദിയയാണ് ബാങ്കിന്റെ ചെയര്‍മാന്‍. ജയേഷ് ഭായിയുടെ പിതാവും മുന്‍ ബിജെപി എംപി കൂടിയായ വിത്തല്‍ ഭായ് റദാദിയ മറ്റൊരു ഡയറക്ടറാണ്)

3. സൂറത്ത് ജില്ലാ സഹകരണ ബാങ്ക് - 369.85 കോടി (ബിജെപി എംപി പ്രഭുഭായ് നാഗര്‍ഭായ് പട്ടേല്‍ ആണ് ഡയറക്ടര്‍)

4. സബര്‍കാന്താ ജില്ലാ സെന്ററല്‍ സഹകരണ ബാങ്ക് - 328.50 കോടി (ബിജെപി എംഎല്‍എ രാജേന്ദ്ര സിംഗും മുന്‍ മന്ത്രി പ്രഫുല്‍ ഘോഡ പട്ടേലും ഡയറക്ടര്‍മാര്‍)

5. ബാനസകാന്താ ജില്ലാ സെന്ററല്‍ സഹകരണ ബാങ്ക് - 295.30 കോടി (ബിജെപിയുടെ മുന്‍ മന്ത്രിയും ഇപ്പോഴത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശങ്കര്‍ ചൗധരിയാണ് ഡയറക്ടര്‍)

6. മെഹ്‌സാന ജില്ലാ സെന്ററല്‍ സഹകരണ ബാങ്ക് - 215.44 കോടി (ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ നിയന്ത്രണത്തില്‍)

7. അമ്രേലി ജില്ലാ മധ്യസ്ഥ സഹകാരി ബാങ്ക് - 205.31 കോടി (മുന്‍ മന്ത്രിയും മുന്‍ എംപിയുമായ ദിലീപ് ഭായ് സംഘാണി ചെയര്‍മാന്‍)

8. ദ ഭറൂച്ച് ജില്ലാ സെന്ററല്‍ സഹകരണ ബാങ്ക് - 98.86 കോടി (ബിജെപി എംഎല്‍എ അരുണ്‍ സിംഗ് റാണ ചെയര്‍മാന്‍)

9. ബറോഡ സെന്ററല്‍ സഹകരണ ബാങ്ക് - 76.38 കോടി (ബിജെപി നേതാവ് അതുല്‍ ഭായ് പട്ടേല്‍ ചെയര്‍മാന്‍, ബിജെപി എംഎല്‍എ സതീഷ് ഭായ് പട്ടേല്‍ ഡയറക്ടര്‍)

10. ജുനഗര്‍ ജില്ലാ സഹകാരി ബാങ്ക്  -59.98 കോടി (മുന്‍ മന്ത്രി ജഷാഭായ് ബരദ് ചെയര്‍മാന്‍)

11. പഞ്ചമഹല്‍ ജില്ലാ സഹകരണ ബാങ്ക് - 3012 കോടി (മുന്‍ ബിജെപി എംപി ഗോപല്‍ സിംഗ് സോളങ്കി)

നോട്ട് നിരോധിച്ചതിന് പിന്നാലെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അസാധുനോട്ട് നിക്ഷേപമായി സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനോടകം തന്നെ ബിജെപി തങ്ങളുടെ നിയന്ത്രണത്തിലുള്ള ജില്ലാ സഹകരണ ബാങ്ക് കോടികളുടെ നിരോധിത നോട്ടുകള്‍ മാറിയെടുത്തിരുന്നുവെന്നാണ് പുറത്ത് വന്ന കണക്കുകള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com