'ബീഹാറിലെ അരാരിയ പാകിസ്ഥാനായി മാറുന്നു'; ഗിരിരാജ് സിങിന് പിന്നാലെ പ്രകോപന പരാമര്‍ശവുമായി ബിജെപി എംപി

ഉപതെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് കേന്ദമന്ത്രി ഗിരിരാജ് സിങ് നടത്തിയ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പ്രകോപന പരാമര്‍ശവുമായി ബിജെപി എംപി
'ബീഹാറിലെ അരാരിയ പാകിസ്ഥാനായി മാറുന്നു'; ഗിരിരാജ് സിങിന് പിന്നാലെ പ്രകോപന പരാമര്‍ശവുമായി ബിജെപി എംപി

പാറ്റ്‌ന: ഉപതെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് കേന്ദമന്ത്രി ഗിരിരാജ് സിങ് നടത്തിയ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പ്രകോപന പരാമര്‍ശവുമായി ബിജെപി എംപി. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി നേരിട്ട ബീഹാറിലെ ലോക്‌സഭ മണ്ഡലമായ അരാരിയ പതുക്കെ പാകിസ്ഥാനായി മാറി കൊണ്ടിരിക്കുകയാണെന്ന ബിജെപി എംപി ഗോപാല്‍ നാരായണ്‍ സിങിന്റെ പ്രകോപനപരമായ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.ബിജെപിയുടെ മുഖ്യ എതിരാളിയായ  ആര്‍ജെഡിയുടെ സര്‍ഫറാസ് ആലമാണ് അരാരിയയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നടത്തിയ വിവാദ പ്രസ്താവനയിന്മേലുളള പ്രതിഷേധം  കെട്ടടങ്ങുന്നതിന് മുന്‍പാണ് ഗോപാല്‍ നാരായണ്‍ സിങിന്റെ പ്രകോപന പരാമര്‍ശം. 

നേരത്തെ, ബിഹാറിലെ അരാരിയ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ സര്‍ഫറാസ് ആലം തിരഞ്ഞെടുക്കപ്പെട്ടതോടെ ആ സ്ഥലം തീവ്രവാദകേന്ദ്രമായി മാറുമെന്നും ബിഹാറിനു മാത്രമല്ല, രാജ്യത്തിനുതന്നെ അതു ഭീഷണിയായി മാറുമെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ പ്രസ്താവനയാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിന് പിന്നാലെയാണ് അരാരിയ പതുക്കെ പാക്കിസ്ഥാനായി മാറി കൊണ്ടിരിക്കുകയാണെന്ന വിവാദ പരാമര്‍ശം ബിജെപി എംപി ഗോപാല്‍ നാരായണ്‍ സിങ് നടത്തിയത്. അരാരിയയ്ക്ക് പുറമേ കിഷന്‍ഗഞ്ച്, കത്തിയാര്‍ എന്നി മേഖലകളും പതുക്കെ പാക്കിസ്ഥാനായി മാറുകയാണെന്ന് നേരത്തെ മുതല്‍ ഉന്നയിച്ചുവരുകയാണ്. സര്‍്ക്കാരിന്റെ നിഷ്‌ക്രിയത്വവും, വോട്ടുബാങ്ക് രാഷ്ട്രീയവും ബീഹാറിനെ തകര്‍ച്ചയുടെ വക്കിലേക്ക് തളളിയിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബീഹാറില്‍ ജെഡിയു- ബിജെപി സഖ്യമാണ് ഭരണം നടത്തുന്നത്. ഈ പശ്ചാത്തലത്തില്‍ ബിജെപി ഘടകക്ഷിയായ സഖ്യസര്‍ക്കാരിനെതിരെയുളള പരോക്ഷ വിമര്‍ശനമായും ഇത് മാറി. 

നേരത്തെ ഗിരിരാജ്‌സിങിന്റെ വിവാദ പ്രസ്താവനയെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അപലപിച്ചിരുന്നു. ഭീകരസംഘടനയായ ഐഎസിന്റെ താവളമായി അരാരിയ മാറുമെന്നു ബിജെപി ബിഹാര്‍ അധ്യക്ഷന്‍ നിത്യാനന്ദ് റായ് തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് ആരോപിച്ചിരുന്നു. 61,988 വോട്ടുകള്‍ക്കാണ് ആലം ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com