രാമസേതു നീക്കം ചെയ്യില്ല, സംരക്ഷിക്കാന്‍ എന്തും ചെയ്യും; കേന്ദ്രം സുപ്രീംകോടതിയില്‍ 

സേതുസമുദ്രം പദ്ധതിയുടെ പേരില്‍ വിവാദമായ രാമസേതുവിന്റെ ഘടന മാറ്റാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു
രാമസേതു നീക്കം ചെയ്യില്ല, സംരക്ഷിക്കാന്‍ എന്തും ചെയ്യും; കേന്ദ്രം സുപ്രീംകോടതിയില്‍ 

ന്യൂഡല്‍ഹി: സേതുസമുദ്രം പദ്ധതിയുടെ പേരില്‍ വിവാദമായ രാമസേതുവിന്റെ ഘടന മാറ്റാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അത് സംരക്ഷിക്കാന്‍ വേണ്ട സഹായങ്ങള്‍ ഒരുക്കും. രാമസേതു കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം പറഞ്ഞത്. തമിഴ്‌നാട്ടിലെ രാമേശ്വരത്തിനടുത്തുള്ള പാമ്പന്‍ദ്വീപ് മുതല്‍ ശ്രീലങ്കയുടെ വടക്കുള്ള മന്നാര്‍ വരെയുള്ള 30 കിലോമീറ്റര്‍ നീളത്തിലുള്ള ചുണ്ണാമ്പുകല്ലുകളുടെ തിട്ടയാണ് രാമസേതു.

സാമൂഹ്യസാമ്പത്തിക ദോഷങ്ങള്‍ കണക്കിലെടുത്ത് നിര്‍ദ്ദിഷ്ട അലൈന്‍മെന്റില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
രാമസേതുവിനെ ബാധിക്കാത്ത രീതിയില്‍ ഷിപ്പിങ് കനാലിനായി ബദല്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

2005ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന സേതുസമുദ്രം ഷിപ്പിങ് കനാല്‍ പദ്ധതിയോടു കൂടിയാണ് രാമസേതു തര്‍ക്കം തുടങ്ങിയത്. പദ്ധതി പ്രദേശത്ത് രാമസേതുവുണ്ടെന്ന് കാട്ടി ബിജെപി അതിനെ എതിര്‍ത്തിരുന്നു.

ഇവിടെയുള്ള ചുണ്ണാമ്പ് കല്ലുകള്‍ കുഴിച്ച് മാറ്റിയാല്‍ മാത്രമെ പദ്ധതിയുമായി മുന്നോട്ട് പോകാനാവൂ എന്നാണ് യുപിഎ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. പദ്ധതി ദേശീയ പാരമ്പര്യത്തിനും വിശ്വാസത്തിനും എതിരാണെന്ന് കാണിച്ച് പദ്ധതിക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ശ്രീരാമന് സീതയെ രക്ഷിക്കാനായി ലങ്കയിലേക്ക് കടക്കാന്‍ വാനരസേന നിര്‍മിച്ച പാലമായാണ് ഒരു വിഭാഗം രാമസേതുവിനെ വ്യാഖ്യാനിക്കുന്നത്. എന്നാല്‍, സ്വാഭാവികപ്രക്രിയയുടെ ഭാഗമായി രൂപ്പെട്ടതാണ് ഈ പാലമെന്നാണ് മറുവിഭാഗം വാദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com