കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹമാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയുടെ പ്രധാന ചര്‍ച്ചാവിഷയം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങുമായി രാഹുലിന്റെ വിവാഹം ഉടനുണ്ടാകും എന്ന രീതിയിലുള്ള പ്രചരണങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇതിനെതിരേ അദിതി രംഗത്തെത്തിയിരിക്കുകയാണ്. രാഹുല്‍ തന്റെ സഹോദരനാണെന്നും ഇത്തരം അഭ്യൂഹങ്ങളില്‍ താന്‍ ദുഃഖിതയാണെന്നും എംഎല്‍എ തുറന്നു പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. അദിതി സിങ്ങിന്റേയും രാഹുല്‍ ഗാന്ധിയുടേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് മെയില്‍ വിവാഹമുണ്ടാകുമെന്നാണ് പ്രചരണം. റായ്ബറേലിയില്‍ നിന്നു തന്നെയുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം ആദ്യം പ്രചരിച്ചത്.
കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം അഭ്യൂഹങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയതില്‍ പരസ്യമായി തന്നെ അതൃപ്തി അറിയിച്ചിരിക്കുകയാണ് അദിതി. 'ഇത്തരം അഭ്യൂഹങ്ങള്‍ എന്നെ അസ്വസ്ഥയാക്കുന്നു. രാഹുല്‍ജി എന്റെ രാഖി സഹോദരനാണെന്ന് ഞാന്‍ ഇവിടെ വ്യക്തമാക്കുന്നു. സാമൂഹിക മാധ്യങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം അഭ്യൂഹങ്ങളില്‍ ഞാന്‍ അതീവ ദുഃഖിതയുമാണ്', അദിതി സിങ് പറഞ്ഞു.
പച്ചസാരിയുടുത്ത് സോണിയഗാന്ധിക്കൊപ്പം അദിതി സിങ് ഇരിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും അധികം പ്രചരിച്ചത്. പ്രിയങ്ക വാദ്രയുടെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാളാണ് 29കാരിയായ അദിതി സിങ് എന്ന് പറയപ്പെടുന്നു. അതും അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടി. 90,000വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അദിതി റായ്ബറേലിയില്‍ നിന്ന് തന്റെ ആദ്യ അങ്കത്തില്‍ വിജയിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ