ശശി തരൂരിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും

ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ശശി തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്.
ശശി തരൂരിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം പട്യാല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സുനന്ദയുടേത് ആത്മഹത്യയാണെന്നും ഇതിന് പ്രേരണയായത് തരൂരിന്റെ നടപടികളാണെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍  തരൂരിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ഭര്‍തൃപീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.  

കേസില്‍ ശശി തരൂരിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം നല്‍കിയതിനാലും തുടക്കം മുതല്‍ അന്വേഷണവുമായി സഹകരിച്ച തരൂര്‍ രാജ്യം വിട്ടു പോകാന്‍ സാധ്യതയില്ലാത്തതിനാലുമാണ് അറസ്റ്റ് ചെയ്യാത്തെതെന്ന് പൊലീസ് പറയുന്നത്. ഇന്ന് കോടതിയില്‍ ഹാജരാകില്ലെ്ന്നും  ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്നും തരൂരിന്റെ ഓഫിസ് അറിയിച്ചു

പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്ന മുറിവുകള്‍ തനിയെ എല്‍പ്പിച്ചതായിരിക്കാമെന്ന വിലയിരുത്തലുകളിലാണ് ഡല്‍ഹി പോലീസ് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്. 

കേസ് സെഷന്‍സ് കോടതിയിലേക്ക് കൈമാറുന്ന നടപടി മാത്രമായിരിക്കും പട്യാല കോടതി സ്വീകരിക്കുക. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഡല്‍ഹി പോലീസ് ഈക്കര്യം നീട്ടികൊണ്ടു പോകുകയായിരുന്നു.

2014 ജനുവരി 17ന് ഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസിലാണ് സുനന്ദാ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ വീട് സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് സുനന്ദയുടെ മരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com