പഠിച്ചപണി പതിനെട്ടും നോക്കി; കടുവയെ പിടിക്കാൻ പെർഫ്യൂ പൂശാനൊരുങ്ങി അധികൃതർ

നരഭോജിയായ പെൺ കടുവയുടെ ക്രൗര്യത്തിന് മുന്നിൽ ഒരു പ്രദേശത്തിന്റെ ഉറക്കം നഷ്ടപ്പെടുന്നു. പാരാ ഗ്ലൈഡറുടെ സഹായം മുതല്‍ പെര്‍ഫ്യൂം ഉപയോഗിച്ച് കടുവയെ ആകര്‍ഷിച്ചു പിടിക്കാനുള്ള ശ്രമം നടക്കുന്നു
പഠിച്ചപണി പതിനെട്ടും നോക്കി; കടുവയെ പിടിക്കാൻ പെർഫ്യൂ പൂശാനൊരുങ്ങി അധികൃതർ

മുംബൈ: നരഭോജിയായ പെൺ കടുവയുടെ ക്രൗര്യത്തിന് മുന്നിൽ ഒരു പ്രദേശത്തിന്റെ ഉറക്കം നഷ്ടപ്പെടുന്നു. മഹാരാഷ്ട്രയിലെ പാന്ധര്‍കവടയിലെ ആളുകള്‍ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത് മരണ ഭീതിയിലാണ്. ഒരു പെണ്‍ കടുവയാണ് ഒൻപത് പേരുടെ ജീവനെടുത്ത് ഒരു ദേശത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തി വിരാജിക്കുന്നത്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അധികൃതര്‍ക്ക് കടുവയെ പിടികൂടാനാകാത്തതും ആശങ്ക ഇരട്ടിയാക്കുന്നു.

ഈ പെണ്‍കടുവയെ പിടികൂടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് അധികൃതര്‍. 'ടി വണ്‍' എന്നാണ് കടുവയ്ക്ക് പേരു നല്‍കിയിരിക്കുന്നത്.  പാരാ ഗ്ലൈഡറുടെ സഹായം മുതല്‍ പെര്‍ഫ്യൂം ഉപയോഗിച്ച് കടുവയെ ആകര്‍ഷിച്ചു പിടിക്കാനുള്ള ശ്രമം നടക്കുന്നു. കഴിഞ്ഞ 25 ദിവസമായി മേഖലയില്‍ ഭീതിയുണര്‍ത്തുന്ന കടുവയെ പിടികൂടാന്‍ പെര്‍ഫ്യൂം മാത്രമല്ല, പാരാഗ്ലൈഡറുടെ സേവനവും വനംവകുപ്പ് അധികൃതര്‍ തേടിയിരുന്നു. കടുവ സഞ്ചരിക്കുന്ന ഇടങ്ങള്‍ കണ്ടെത്താനായിരുന്നു ഇത്. കൂടാതെ നായകളുടെയും ഡ്രോണുകളുടെയും സഹായവും തേടി. എന്നാൽ ഇതുവരെ കടുവയെ കണ്ടെത്താനായിട്ടില്ല. 

വെരുക് പുറപ്പെടുവിക്കുന്ന കസ്തൂരിയുടേതിന് സമാനമായ ഗന്ധമുള്ള കൃത്രിമവസ്തു ഉപയോ​ഗിച്ചുള്ള പെര്‍ഫ്യൂമാണ് കടുവയെ കുടുക്കാനായി ഉപയോ​ഗിക്കുന്നത്. പെര്‍ഫ്യൂമില്‍ അടങ്ങിയിരിക്കുന്ന വസ്തുവിന്റെ ഗന്ധം കടുവയെ ആകര്‍ഷിക്കുമെന്നും അതുവഴി കൂട്ടിലാക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി മൃഗ ഡോക്ടറായ എച്ച്എസ് പ്രയാഗ് പറഞ്ഞു. 2015ല്‍ മാണ്ഡ്യയില്‍ നിന്ന് പെര്‍ഫ്യൂം രീതി ഉപയോഗിച്ച് ഒരു പുള്ളിപ്പുലിയെ കൂട്ടിലാക്കി പരിചയമുള്ളയാളാണ് പ്രയാഗ്. 2013 മുതല്‍ മേഖലയിലുള്ളവര്‍ക്ക് ഭീഷണി ഉയര്‍ത്തിയതായിരുന്നു പുള്ളിപ്പുലി. എന്നാല്‍ രണ്ട് വർഷം കഴിഞ്ഞിട്ടും കര്‍ണാടക വനംവകുപ്പിന് പുള്ളിപ്പുലിയെ പിടികൂടാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പ്രയാഗ് പെര്‍ഫ്യൂം രീതിയിലൂടെ പുലിയെ കൂട്ടിലാക്കിയത്. പെര്‍ഫ്യൂം വിദ്യയുപയോഗിച്ച് കടുവയെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്ന് പ്രയാഗ് വ്യക്തമാക്കി. 

കടുവയെ പെര്‍ഫ്യൂം ഉപയോഗിച്ച് ആകര്‍ഷിച്ച് പിടിക്കാന്‍ സാധിക്കുമെന്ന് ആദ്യമായി പരീക്ഷിച്ച് വിജയിച്ചത് ന്യൂയോര്‍ക്കിലാണ്. ബ്രോന്‍ക്‌സ് മൃഗശാലയിലാണ് ആദ്യമായി ഇത്തരമൊരു രീതി പരീക്ഷിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com