സിബിഐയിലെ പോര്:  കേന്ദ്രത്തിനു തിരിച്ചടി; സിവിസി രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണം, റാവു നിര്‍ണായക തീരുമാനങ്ങള്‍ എടുക്കരുതെന്ന് സുപ്രിം കോടതി

സുപ്രിം കോടതില്‍നിന്നു വിരമിച്ച ജസ്റ്റിസ് എകെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം
സിബിഐയിലെ പോര്:  കേന്ദ്രത്തിനു തിരിച്ചടി; സിവിസി രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കണം, റാവു നിര്‍ണായക തീരുമാനങ്ങള്‍ എടുക്കരുതെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ (സിവിസി) അന്വഷണം നടത്തണമെന്ന് സുപ്രിം കോടതി. രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് കമ്മിഷന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സിവിസിക്കു നിര്‍ദേശം നല്‍കി. സുപ്രിം കോടതില്‍നിന്നു വിരമിച്ച ജസ്റ്റിസ് എകെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതി നടപടി. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സിവിസിക്കും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.

സിബിഐ ഡയറക്ടര്‍ക്ക് എതിരായ പരാതി ഉയര്‍ന്നാല്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിവിസിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പത്തു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ചീഫ് ജസ്റ്റിസ് ആദ്യം നിര്‍ദേശിച്ചത്. പത്തു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്നും മൂന്നാഴ്ച സമയം വേണമെന്നും സിവിസിക്കു വേണ്ടി ഹാജരായ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സിബിഐയിലെ പ്രശ്‌നങ്ങള്‍ നീണ്ടുപോവുന്നത് രാജ്യതാത്പര്യത്തിനു നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു.

്അലോക് വര്‍മയ്ക്കു പകരം സിബിഐ ഡയറക്ടറായി നിയമിതനായ നാഗേശ്വര്‍ റാവു നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഭരണച്ചുമതല മാത്രമാണ് നാഗേശ്വര്‍ റാവുവിന് ഉള്ളത്. റാവു എടുത്ത എല്ലാ തീരുമാനങ്ങളും, സ്ഥലംമാറ്റം ഉള്‍പ്പെടെ, മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഹര്‍ജി ദീപാവലി അവധിക്കു ശേഷം നവംബര്‍ 12ന് പരിഗണിക്കും.

അതിനിടെ സ്‌പെഷല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയതിന് എതിരെ രാകേഷ് അസ്താന നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com