സൈനിക സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പഠിക്കാം; ഉത്തരവുമായി പ്രതിരോധ മന്ത്രാലയം

രാജ്യത്തെ എല്ലാ സൈനിക സ്‌കൂളുകളിലും ഇനി മുതല്‍  പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുമെന്ന്‌ പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷയ്ക്കായി വനിതകളെയും സജ്ജരാക്കുന്നതിന്റെ പ്രഥമിക പടിയാണിതെന്നും
സൈനിക സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പഠിക്കാം; ഉത്തരവുമായി പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സൈനിക സ്‌കൂളുകളിലും ഇനി മുതല്‍  പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുമെന്ന്‌ പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷയ്ക്കായി വനിതകളെയും സജ്ജരാക്കുന്നതിന്റെ പ്രഥമിക പടിയാണിതെന്നും കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന വിപ്ലവകരമായ തീരുമാനമാണിതെന്നും പ്രതിരോധ സഹമന്ത്രി ഡോക്ടര്‍ സുബാഷ് രാംറാവു ഭാമ്രേ പറഞ്ഞു. 

2019 മുതലാവും പെണ്‍കുട്ടികള്‍ക്ക് സൈനിക സ്‌കൂളുകളില്‍ പ്രവേശനം സാധ്യമാവുക. പരിമിതമായ സീറ്റുകളാവും ആദ്യഘട്ടങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായി നീക്കിവയ്ക്കുകയെന്നും ആണ്‍കുട്ടികള്‍ക്കുള്ളത് പോലെ തന്നെ സെലക്ഷന്‍ പ്രോസസ് ഉണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഏറ്റവും മെച്ചപ്പെട്ട പരിശീലനം തന്നെയാവും രാജ്യത്തെ സൈനിക സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കുകയെന്നും മന്ത്രി പറഞ്ഞു.  വനിതാ ശാക്തീകരണത്തിന് ഈ തീരുമാനം മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ. സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക്  പ്രവേശനം നല്‍കുന്നതിന് മുമ്പായി ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ക്രമേണെ ദേശീയ പ്രതിരോധ അക്കാദമിയിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് ഈ നടപടി കാരണമാകും.

രാജ്യത്താകെ 28 സൈനിക സ്‌കൂളുകളാണ് ഉള്ളത്.  സൈനിക സ്‌കൂളുകളുടെ 57 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് ലക്‌നൗവിലെ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്. 15 പെണ്‍കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിന് പിന്നാലെ ആറാം ക്ലാസിലേക്ക് മിസോറാമിലെ സ്‌കൂളില്‍ ആറ് പെണ്‍കുട്ടികളെയും പ്രവേശിപ്പിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം രാജ്യസേവനത്തിനും പ്രാപ്തരാക്കിയെടുക്കുക എന്നതാണ് സൈനിക സ്‌കൂളുകളിലെ രീതി. ഹരിയാനയിലാണ് ഏറ്റവുമധികം സൈനിക സ്‌കൂളുകളുള്ളത്. ദേശീയ പ്രതിരോധ അക്കാദമിയിലേക്ക് ആവശ്യമായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതും പ്രധാനമായും സൈനിക സ്‌കൂളുകളില്‍ നിന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com