വിശ്വാസം തടസമായില്ല,ക്ഷേത്രങ്ങളും പളളികളും ഒരേ മനസോടെ പൊളിച്ചുനീക്കി; വികസനത്തിന് വഴി തുറന്ന് ഹിന്ദു- മുസ്ലീം ഐക്യം 

വിശ്വാസം തടസമായില്ല,ക്ഷേത്രങ്ങളും പളളികളും ഒരേ മനസോടെ പൊളിച്ചുനീക്കി; വികസനത്തിന് വഴി തുറന്ന് ഹിന്ദു- മുസ്ലീം ഐക്യം 

രണ്ട് ക്ഷേത്രങ്ങളും, ഒരു മുസ്ലീം പളളിയും ഉള്‍പ്പെടെ വിവിധ ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കാനാണ് പ്രദേശവാസികള്‍ തയ്യാറായത്.

ഝാന്‍സി: വിശ്വാസത്തിന്റെ പേരുപറഞ്ഞ് പതിറ്റാണ്ടുകളായി വികസനത്തെ തടസപ്പെടുത്തുന്ന വാര്‍ത്തകള്‍ നിരവധി കേട്ടിട്ടുണ്ട്. എന്നാല്‍ വികസനം വേണമെന്ന ചിന്തയില്‍ വിവിധ മതസ്ഥര്‍ ഒന്നായി ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ തയ്യാറാവുക ഒരു മാതൃകയാണ്. ഇത്തരത്തില്‍ മാതൃകപരമായ നിലപാട് സ്വീകരിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് ഝാന്‍സിയിലെ പ്രദേശവാസികള്‍. ലക്‌നൗ-ഝാന്‍സി ഹൈവേ വികസനത്തിന് ആരാധനാലയങ്ങള്‍ തടസമാകുമെന്ന് കണ്ടാണ് പ്രദേശവാസികളുടെ ഇടപെടല്‍.

രണ്ട് ക്ഷേത്രങ്ങളും, ഒരു മുസ്ലീം പളളിയും ഉള്‍പ്പെടെ വിവിധ ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കാനാണ് പ്രദേശവാസികള്‍ തയ്യാറായത്. ഈ ആരാധനാലയങ്ങള്‍ മൂലം കഴിഞ്ഞ പതിനാല് വര്‍ഷമായി പ്രദേശത്തെ ഹൈവേ വികസനം സാധ്യമായിരുന്നില്ല. തുടര്‍ന്ന് ജില്ലാ ഭരണകൂടം വിവിധ സമുദായനേതാക്കളുമായി നടത്തിയ അനുനയ ചര്‍ച്ചയിലാണ് വികസനത്തിന് അനുകൂലമായ തീരുമാനമുണ്ടായത്. കഴിഞ്ഞ ആറുമാസമായി ഈ ആവശ്യം ഉന്നയിച്ച് ജില്ലാഭരണകൂടം നിരന്തരം  ചര്‍ച്ചകള്‍ നടത്തിവരുകയായിരുന്നു. ഒടുവില്‍ പ്രദേശവാസികളെ വിശ്വാസത്തിലെടുക്കുന്നതില്‍ ഇവര്‍ വിജയിക്കുകയായിരുന്നു.  നിര്‍ദിഷ്ട ഹൈവേ അലൈന്‍മെന്റില്‍ വരുന്ന ആരാധനാലയങ്ങള്‍ നീക്കം ചെയ്യുന്നതിന് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ ആരും എതിര്‍പ്പുമായി വന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

50 മുതല്‍ 100 വര്‍ഷം വരെ പഴക്കമുളളതായിരുന്നു ആരാധനാലയങ്ങള്‍. ഇവ കാരണം പ്രദേശത്ത് ഗതാഗത തടസം പതിവായിരുന്നു. ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ പുതിയ സ്ഥലം ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com