'ഹിന്ദു വിരുദ്ധയെന്ന് മുദ്രകുത്തി, താനും പീഡനത്തിന് ഇരയാകുകയോ, കൊല്ലപ്പെടുകയോ ചെയ്തേക്കാം' ; കത്തുവ പെൺകുട്ടിയുടെ അഭിഭാഷക

പീഡനത്തിന് ഇരയാകുകയോ, കൊലചെയ്യപ്പെടുകയോ ചെയ്തേക്കാമെന്ന ഭീതിയിലാണ് കഴിയുന്നതെന്ന് അഭിഭാഷക ദീപിക സിങ് രജാവത്ത്
'ഹിന്ദു വിരുദ്ധയെന്ന് മുദ്രകുത്തി, താനും പീഡനത്തിന് ഇരയാകുകയോ, കൊല്ലപ്പെടുകയോ ചെയ്തേക്കാം' ; കത്തുവ പെൺകുട്ടിയുടെ അഭിഭാഷക

ന്യൂഡല്‍ഹി:  താനും പീഡനത്തിന് ഇരയാകുകയോ, കൊലചെയ്യപ്പെടുകയോ ചെയ്തേക്കാമെന്ന ഭീതിയിലാണ് കഴിയുന്നതെന്ന് കത്തുവ പെൺകുട്ടിയുടെ അഭിഭാഷക ദീപിക സിങ് രജാവത്ത്. കേസിൽ ഇരയായ പെൺകുട്ടിക്ക് വേണ്ടി ഹാജരായതിന് തന്നെ ഹിന്ദു വിരുദ്ധയെന്ന് മുദ്രകുത്തി. സാമൂഹ്യമായി ഒറ്റപ്പെടുത്തി. എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ പോലും അനുവദിച്ചേക്കില്ല, എനിക്കറിയില്ല എങ്ങനെ ഇതിനെ അതിജീവിക്കണമെന്ന്. ദീപിക പറയുന്നു.

ഇക്കാര്യങ്ങളെല്ലാം സുപ്രീംകോടതിയിൽ തുറന്നുപറയുമെന്ന് ദീപിക വ്യക്തമാക്കി. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ട്. അതിനാൽ സുരക്ഷ നൽകണമെന്ന് കോടതിയോട്  ആവശ്യപ്പെടും. താൻ വല്ലാത്തൊരു അവസ്ഥയിലാണ്. താൻ നീതിക്കുവേണ്ടിയാണ് പൊരുതിയത്. കശ്മീരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ ഉറച്ചുനിൽക്കുമെന്നും ദീപിക പറഞ്ഞു. 

കത്തുവ സംഭവത്തിൽ നേരത്തെ വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനെതിരെ പ്രാദേശിക അഭിഭാഷക സംഘടന രം​ഗത്തെത്തിയിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി കേസിൽ നേരിട്ട് ഇടപെടുകയും, കത്തുവ പ്രാദേശിക ലോയേഴ്സ് അസോസിയേഷൻ, ജമ്മു ഹൈക്കോടതി ലോയേഴ്സ് അസോസിയേഷൻ, കശ്മീർ ലോയേഴ്സ് അസോസിയേഷൻ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയോട് വിശദീകരണം തേടിയിട്ടുണ്ട്. 19 നകം വിശദീകരണം നൽകാനാണ് കോടതി നിർദേശം. 

കത്തുവ കേസില്‍ ഒരുസംഘം അഭിഭാഷകര്‍ക്കെതിരെയും എഫ്‌ഐആര്‍ ഫയല്‍ചെയ്തിട്ടുണ്ട്. എട്ട് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതില്‍ നിന്ന് പോലീസുകാരെ തടയാന്‍ ശ്രമിച്ചതിനാണ് അഭിഭാഷകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനിടെ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷകരുടെ നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കമ്മിറ്റിയെ നിയോഗിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com