കര്‍ണാടക തെരഞ്ഞെടുപ്പ് ഹിന്ദു-മുസ്‌ലിം പോരാട്ടമെന്ന പ്രസ്താവന : ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2018 03:17 PM  |  

Last Updated: 20th April 2018 03:17 PM  |   A+A-   |  

 

ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള പോരാട്ടമാണെന്ന പ്രസ്താവന നടത്തിയ ബിജെപി എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി എംഎല്‍എ സഞ്ജയ് പാട്ടീലിനെതിരെയാണ് മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ സംസാരിച്ചു എന്നാരോപിച്ച് കേസെടുത്തത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തി എന്നുമാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബലഗാവില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സഞ്ജയുടെ പ്രകോപനപരമായ പ്രസ്താവന.

'ഞാന്‍ സഞ്ജയ് പാട്ടീല്‍. ഞാനൊരു ഹിന്ദുവാണ്, ഇതൊരു ഹിന്ദു രാഷ്ട്രമാണ്. രാമന്‍ ജനിച്ച അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ലക്ഷ്മി ഹെബ്ബാലികര്‍ ക്ഷേത്രം നിര്‍മിക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ അവര്‍ക്ക് വോട്ട് ചെയ്യുക. എന്നാല്‍ അവര്‍ അങ്ങനെ ഉറപ്പ് നല്‍കില്ല. 

അവര്‍ മസ്ജിദാണ് നിര്‍മ്മിക്കുക. എന്നാല്‍ ഞങ്ങള്‍ രാമക്ഷേത്രവും. ഇത് റോഡുകള്‍ക്കോ കുടിവെള്ളത്തിനോ വേണ്ടിയുള്ള ഇലക്ഷനല്ല, മറിച്ച് ഹിന്ദുക്കളും മുസ് ലിങ്ങളും തമ്മിലുള്ള പോരാട്ടമാണ്. മസ്ജിദും, ടിപ്പു ജയന്തിയും ആവശ്യമുള്ളവര്‍ മാത്രം കോണ്‍ഗ്രസിന് വോട്ട് ചെയ്യുക. രാമക്ഷേത്രവും, ശിവജി ജയന്തിയും ആവശ്യമുള്ളവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണം ഇതായിരുന്നു സഞ്ജയ് പാട്ടീലിന്റെ വിവാദപ്രസംഗം. 


ബിജെപി എം.എല്‍.എയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.