മദ്യനിരോധനം ലംഘിച്ചു :  ബിജെപി എംപിയുടെ മകൻ അറസ്റ്റിൽ 

ഗയയിലെ ബിജെപി എംപി ഹരി മാഞ്ജിയുടെ മകന്‍ രാഹുൽ കുമാർ മാഞ്ജിയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്
മദ്യനിരോധനം ലംഘിച്ചു :  ബിജെപി എംപിയുടെ മകൻ അറസ്റ്റിൽ 

പാട്‌ന : ബീഹാറില്‍ മദ്യനിരോധനം ലംഘിച്ചതിന് ബിജെപി എംപിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗയയിലെ ബിജെപി എംപി ഹരി മാഞ്ജിയുടെ മകന്‍ രാഹുൽ കുമാർ മാഞ്ജിയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. രക്ത പരിശോധന അടക്കമുള്ള വിദ​ഗ്ധ പരിശോധനയിൽ ഇവർ മദ്യപിച്ചത് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന മദ്യനിരോധനം ലംഘിച്ച് അമിതമായി മദ്യപിച്ചതിനാണ് രാഹുല്‍ മാഞ്ജി, സുഹൃത്തുക്കളായ  വേദന്‍ മാഞ്ജി, മുനാരിക് ചൗധരി എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ഏപ്രിൽ 23 വരെ ​ജുഡീഷ്യൽ കസ്റ്റഡിയിൽ ​ഗയ സെൻട്രൽ ജയിലിൽ അടച്ചു. 

 അതേസമയം പൊലീസിന്റെ വാദം ബിജെപി എംപി ഹരി മാഞ്ജി നിഷേധിച്ചു. നമ ​ഗ്രാമത്തിൽ പൊലീസിന്റെ സഹകരണത്തോടെ വ്യാജമദ്യം ഒഴുകുകയാണ്. ഇക്കാര്യം താൻ മ​ഗധ ഡിഐജിയെ അറിയിച്ചിരുന്നു. ഇതിനെതിരെ നടപടി എടുക്കാതെ, തന്റെ മകനെ പൊലീസ് കള്ളക്കേസിൽ കുടുക്കി പ്രതികാരം തീർക്കുകയായിരുന്നുവെന്നാണ് ഹരി മാഞ്ജിയുടെ ആരോപണം. 

മദ്യനിരോധന നിയമത്തിന്റെ മറവിൽ ദലിതരെ പീഡിപ്പിക്കുകയാണെന്ന് ഹിന്ദുസ്ഥാൻ അവാം മോർച്ച തലവനും, ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ജി അഭിപ്രായപ്പെട്ടു. കേസിൽ അറസ്റ്റിലാകുന്നതിൽ ബഹുഭൂരിപക്ഷവും ദ​ലിതരും പിന്നോക്ക വിഭാ​ഗക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു. 2016 ഏപ്രിൽ അഞ്ചിനാണ് ബീഹാറിൽ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയത്. ഇത് ലംഘിക്കുന്നത് കടുത്ത ശിക്ഷാർഹമായ കുറ്റമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com