ദേശീയ ഗാനം ആലപിക്കുന്നത് വിലക്കി ;  മദ്രസയുടെ അംഗീകാരം റദ്ദാക്കി

ബഡാഗോയിലെ അറബിയ അഹ്‌ലെ ഗേള്‍സ് കോളേജ് മദ്രസയുടെ അംഗീകാരമാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ : സ്വാതന്ത്ര്യദിനത്തില്‍ കുട്ടികള്‍ ജനഗണമന ആലപിക്കുന്നത് വിലക്കിയ സംഭവത്തില്‍, മദ്രസയുടെ അംഗീകാരം യോഗി സര്‍ക്കാര്‍ റദ്ദാക്കി. യുപിയിലെ ബഡാഗോയിലെ അറബിയ അഹ്‌ലെ ഗേള്‍സ് കോളേജ് മദ്രസയുടെ അംഗീകാരമാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. 

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന് പിന്നാലെ, വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ മദ്രസ പ്രിന്‍സിപ്പല്‍ ഫസ്‌ലല്‍ റഹ്മാനും ഏതാനും അധ്യാപകരും തടയുകയായിരുന്നു. പ്രിന്‍സിപ്പലും അധ്യാപകരും ദേശീയ ഗാനം ആലപിക്കുന്നത് തടയുന്ന വീഡിയോ ഇതിനിടെ പുറത്തായി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

വീഡിയോ പുറത്തെത്തിയതിന് പിന്നാലെ, പൊലീസ് രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കുകയും മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവം അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് അമര്‍നാഥ് ഉപാധ്യായ, ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു. 

സംഭവത്തില്‍ അന്വേഷണം നടത്തിയ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്രസയുടെ അംഗീകാരം റദ്ദാക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com