പ്രളയദുരിതാശ്വാസത്തിന് 45000 രൂപ നല്‍കൂ; അഴിമതിക്കേസ് പ്രതികളോട് കോടതി 

അഴിമതിക്കേസില്‍  മൂന്ന്പ്രതികളോട് 15000 രൂപ വീതം കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് പഞ്ചകുളയിലെ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടത്.
പ്രളയദുരിതാശ്വാസത്തിന് 45000 രൂപ നല്‍കൂ; അഴിമതിക്കേസ് പ്രതികളോട് കോടതി 

ചണ്ഡീഗഡ്: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് നാനാതുറകളില്‍ നിന്നും സഹായപ്രവാഹമാണ്. കോടതികളും ഇതിന് ഒരു അപവാദമല്ല. വ്യത്യസ്തനിലയില്‍ സഹായിക്കാന്‍ കോടതികളും തയ്യാറായിരിക്കുകയാണ്. ലൈംഗികാതിക്രമക്കേസില്‍ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയിലെത്തിയ യുവാവിനോട് കോടതി ചെലവിനത്തില്‍ 15000 രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത് വാര്‍ത്തയായിരുന്നു. ഇതിന് സമാനമായ നടപടി സ്വീകരിച്ചാണ് ചണ്ഡീഗഡിലെ സിബിഐ കോടതിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായത്. 

അഴിമതിക്കേസില്‍  മൂന്ന്പ്രതികളോട് 15000 രൂപ വീതം കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് പഞ്ചകുളയിലെ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടത്. സെന്‍ട്രല്‍ എക്‌സൈസിലെ മുന്‍ ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, അജയ്‌സിങ്, രവീന്ദര്‍ ദാഹിയ എന്നിവരോടാണ് ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി രസീത് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേസിന്റെ അടുത്തവാദം നടക്കുന്ന ഒക്ടോബര്‍ ഒന്നിന് മുന്‍പ് പണം നല്‍കി രസീത് സമര്‍പ്പിക്കാനാണ് ഉത്തരവില്‍ പറയുന്നത്.

അഴിമതിക്കേസില്‍ കഴിഞ്ഞതവണ വാദം നടക്കവേ പ്രതികളും അവരുടെ അഭിഭാഷകരും കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി നടപടി. ഫെബ്രുവരി 27ന് നികുതി കുറച്ച് കൊടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ഒരു കമ്പനിയോട് 3 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നതാണ് കേസിന് ആസ്പദമായ സംഭവം.

മെയ് 25ന് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നതിന്റെ കാരണം തിങ്കളാഴ്ച പ്രതിഭാഗം അപേക്ഷയായി കോടതിയില്‍ സമര്‍പ്പിച്ചു. ജില്ലാ ബാര്‍ അസോസിയേഷന്‍ ഉച്ചവരെ സമരത്തിന് ആഹ്വാനം ചെയ്തിരുന്നതിനാല്‍ കേസില്‍ വാദം അന്നേദിവസം ഉച്ച കഴിഞ്ഞാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമരത്തിന്റെ തീവ്രതയില്‍ കോടതിയില്‍ കയറാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന് അപേക്ഷയില്‍ പ്രതിഭാഗം ബോധിപ്പിച്ചു. കൂടാതെ കേസില്‍ തങ്ങളുടെ വാദം ബോധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കാന്‍ വീണ്ടും അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com