പ്രതിമയില്‍ ഒന്നാമതാവാന്‍ മത്സരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; യുപിയിലെ രാമ പ്രതിമയ്ക്ക് വെല്ലുവിളിയായി മഹാരാഷ്ട്രയില്‍ ശിവജി പ്രതിമ വരുന്നു

ഛത്രപതി ശിവജിയുടെ ഉയരം കൂട്ടി യോഗിയുടെ രാമപ്രതിമയെ മറികടക്കാനുള്ള തീരുമാനത്തിലാണ് മഹാരാഷ്ട്ര
പ്രതിമയില്‍ ഒന്നാമതാവാന്‍ മത്സരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; യുപിയിലെ രാമ പ്രതിമയ്ക്ക് വെല്ലുവിളിയായി മഹാരാഷ്ട്രയില്‍ ശിവജി പ്രതിമ വരുന്നു

റ്റവും വലിയ പ്രതിമ ആരു നിര്‍മിക്കും എന്ന മത്സരത്തിലാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഗുജറാത്തില്‍ അടുത്തിടെ ഉയര്‍ന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരമുള്ള രാമ പ്രതിമ ഉത്തര്‍പ്രദേശില്‍ നിര്‍മിക്കും എന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ യോഗിയ്ക്ക് വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര. ഛത്രപതി ശിവജിയുടെ ഉയരം കൂട്ടി യോഗിയുടെ രാമപ്രതിമയെ മറികടക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാനം. 

ലോക പ്രശസ്തമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരമുള്ള രാമ പ്രതിമ നിര്‍മിക്കും എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന. ഇത് കേട്ടതോടെയാണ് നേരത്തെ തീരുമാനിച്ചിരുന്ന ശിവജി പ്രതിമയുടെ ഉയരം കൂട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ  212 മീറ്റര്‍ ഉയരമുള്ള ശിവാജി പ്രതിമ നിര്‍മ്മിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാമപ്രതിമ നിര്‍മിക്കുമെന്ന് പറഞ്ഞതോടെയാണ് ശിവാജി പ്രതിമയുടെ ഉയരം  212ല്‍ നിന്ന് 230 മീറ്ററാക്കാന്‍ മഹാരാഷ്ട്ര തീരുമാനിച്ചത്. 

എന്നാല്‍ ഉത്തര്‍പ്രദേശിലെ പ്രതിമയുടെ ഉയരം അറിയാനുള്ള കാത്തിരിപ്പിലാണ് സര്‍ക്കാര്‍. രാമ പ്രതിമ നിര്‍മ്മാണത്തിന്റെ ഔദ്യോഗിക ഉത്തരവ് യുപി സര്‍ക്കാര്‍ പുറത്ത് വിട്ട ശേഷം ശിവാജി പ്രതിമയുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ഛത്രപതി ശിവജി സ്മാരക പദ്ധതി പൂര്‍ത്തീകരണ നിരീക്ഷണ കോര്‍ഡിനേഷന്‍ സമിതിയുടെ ചെയര്‍മാനായ വിനായക് മീതെ പറഞ്ഞു. 

അറബിക്കടലിലാണ് ഛത്രപതി ശിവാജിയുടെ പ്രതിമ നിര്‍മിക്കുക. ശിവാജിയുടെ രൂപം, കുതിര, വാള്‍, അതു നില്‍ക്കുന്ന പ്ലാറ്റ്‌ഫോം എന്നിവ അടങ്ങുന്നതാണ് പ്രതിമയുടെ നിലവിലെ ഉയരമായ 212 മീറ്റര്‍. വാളിന്റെ ഉയരം 38 മീറ്ററും പ്രതിമയുടെ ഉയരം 83.2 മീറ്ററുമായാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ആഴക്കടലില്‍ പ്രത്യേക ദ്വീപ് പോലെ ക്രമീകരിച്ചായിരിക്കും പ്രതിമ സ്ഥാപിക്കുക. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പോലെ ശിവജി പ്രതിമയും വിനോദസഞ്ചാര കേന്ദ്രമായിരിക്കും. സന്ദര്‍ശക ജെട്ടി, സന്ദര്‍ശകരുടെ വിശ്രമകേന്ദ്രം, മ്യൂസിയം, ആര്‍ട് ഗാലറി, ഭക്ഷണശാല, കാഴ്ചഗാലറി എന്നിവയും ഇവിടെയുണ്ടാകും. 221 മീറ്ററില്‍ രാമ പ്രതിമ നിര്‍മിക്കാനാണ് ആദിത്യ നാഥിന്റെ പദ്ധതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com