കുമ്മനത്തെ ഇറക്കിയിട്ടും പച്ചതൊട്ടില്ല ; മിസോറാമില്‍ കാലുറപ്പിക്കാനുള്ള ബിജെപി തന്ത്രം പാളി

കോണ്‍ഗ്രസ് മുക്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്ന ലക്ഷ്യം നേടിയത് മാത്രമാണ് ബിജെപിക്ക് ആശ്വാസമേകുന്നത്
കുമ്മനത്തെ ഇറക്കിയിട്ടും പച്ചതൊട്ടില്ല ; മിസോറാമില്‍ കാലുറപ്പിക്കാനുള്ള ബിജെപി തന്ത്രം പാളി

ന്യൂഡല്‍ഹി : മിസോറാം നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മിസോറാമില്‍ കുമ്മനം രാജശേഖരനെ സംസ്ഥാന ഗവര്‍ണറാക്കിയ കേന്ദ്രസര്‍ക്കാര്‍, ത്രിപുര മോഡലില്‍ സംസ്ഥാന ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഈ നീക്കത്തിന് ജനവിധി ശക്തമായ തിരിച്ചടിയാണ്.

ആകെയുള്ള 40 സീറ്റിലും ബിജെപി മല്‍സരിച്ചിരുന്നു. എന്നാല്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ് നേടാനായത്. 2013 ലെ തെരഞ്ഞെടുപ്പില്‍  മിസോറാമില്‍ ഒരു സീറ്റുപോലും ബിജെപിക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. 

അതേസമയം കോണ്‍ഗ്രസ് മുക്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്ന ലക്ഷ്യം നേടിയത് മാത്രമാണ് ബിജെപിക്ക് ആശ്വാസമേകുന്നത്. 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് മിസോറാം നാഷണല്‍ ഫ്രണ്ട് സംസ്ഥാനത്ത് ഭരണം ഉറപ്പിച്ചു. ആകെയുള്ള 40 സീറ്റില്‍ 29 ഇടത്തും എംഎന്‍എഫ് ലീഡ് ചെയ്യുകയാണ്. 

കഴിഞ്ഞ സഭയില്‍ 34 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ ആറു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി ലാന്‍തന്‍ ഹാവ്‌ല മല്‍സരിച്ച രണ്ട് 
സീറ്റിലും പരാജയപ്പെട്ടു. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com