'ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അഭിമാന നിമിഷം';എം എ ഹിസ്റ്ററി ബിരുദധാരി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍; ശക്തികാന്ത ദാസിനെ ട്രോളി സോഷ്യല്‍മീഡിയ 

അപ്രതീക്ഷിതമായി റിസര്‍വ് ബാങ്ക് ഗവര്‍ണറായതിന് പിന്നാലെ ശക്തികാന്ത ദാസിന്റെ മുന്‍ വാര്‍ത്താസമ്മേളനങ്ങളും ട്വീറ്റുകളും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ
'ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അഭിമാന നിമിഷം';എം എ ഹിസ്റ്ററി ബിരുദധാരി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍; ശക്തികാന്ത ദാസിനെ ട്രോളി സോഷ്യല്‍മീഡിയ 

ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി റിസര്‍വ് ബാങ്ക് ഗവര്‍ണറായതിന് പിന്നാലെ ശക്തികാന്ത ദാസിന്റെ മുന്‍ വാര്‍ത്താസമ്മേളനങ്ങളും ട്വീറ്റുകളും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. നോട്ടുനിരോധനത്തിന് ചുക്കാന്‍ പിടിച്ച മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി, അക്കാലത്ത് നടത്തിയ വിവാദ പ്രസ്താവനകള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയാണ്. ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നിലെ നീണ്ട വരികള്‍ക്ക് കാരണം ഒരേ ആളുകള്‍ തന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍ വീണ്ടും വീണ്ടും വരുന്നതാണെന്ന ശക്തികാന്തയുടെ പ്രസ്താവനയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്നത്.

ഇതുകൊണ്ട് മാത്രം തീരുന്നില്ല സോഷ്യല്‍മീഡിയയുടെ വിമര്‍ശനം. ശക്തികാന്ത ദാസിന്റെ വിദ്യാഭ്യാസ യോഗ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്. മുന്‍കാല റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ശക്തികാന്ത ദാസിന് ബിസിനസ്സിലോ, ഇക്കണോമിക്‌സിലോ ബിരുദമില്ല എന്നാണ് സോഷ്യല്‍മീഡിയയുടെ പരിഹാസം.എം എ ഹിസ്റ്ററി ബിരുദധാരിയായ ശക്തികാന്ത ദാസിന് ആര്‍ബിഐ ഗവര്‍ണര്‍ ആകാന്‍ യോഗ്യതയുണ്ടോ എന്ന ചോദ്യങ്ങളും സോഷ്യല്‍മീഡിയ ഉന്നയിക്കുന്നു.  ഇതിന് ഉദാഹരണമായി ഊര്‍ജിത് പട്ടേല്‍, രഘുറാം രാജന്‍ എന്നിവരുടെ വിദ്യാഭ്യാസ യോഗ്യതയിലേക്കും സോഷ്യല്‍മീഡിയ വിരല്‍ ചൂണ്ടുന്നു. ശക്തികാന്ത ദാസിന്റെ വിദ്യാഭ്യാസ യോഗ്യത പരതിയുളള അന്വേഷണങ്ങള്‍ ഗൂഗിളില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്.

എന്നാല്‍ ബംഗലൂരു ഐഐഎമ്മില്‍ നിന്ന് ഫിനാഷ്യല്‍ മാനേജ്‌മെന്റില്‍ ഉപരിപഠനവും എന്‍ഐബിഎമ്മില്‍ നിന്ന് ഡവലപ്പ്‌മെന്റ് ബാങ്കിങില്‍ കോഴ്‌സും പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ശക്തികാന്ത ദാസ് എന്ന മറുവാദവും ഉയരുന്നുണ്ട്. ഇതിനായി ദാസിന്റെ വിക്കിപേജും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. അതുകൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണറാകാന്‍ എല്ലാ യോഗ്യതയും ഇദ്ദേഹത്തിന് ഉണ്ടെന്നും ഇവര്‍ വാദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com