വന്‍ സിഗരറ്റ് വേട്ട; ചെന്നൈ തുറമുഖത്ത് നിന്ന് പിടികൂടിയത് ഒന്‍പത് കോടിയുടെ ഇന്തോനേഷ്യന്‍ സിഗരറ്റുകള്‍

By സമകാലികമലയാളം ഡെസ്‌ക്   |   Published: 02nd February 2018 08:09 PM  |  

Last Updated: 02nd February 2018 08:09 PM  |   A+A-   |  

cigarettesvnbhmjbhm

ചെന്നൈ: ചെന്നൈ തുറമുഖത്ത് നിന്ന് ഒന്‍പത് കോടി രൂപയുടെ ഇന്തോനേഷ്യന്‍ സിഗരറ്റുകള്‍ പിടികൂടി. ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച സിഗരറ്റുകളാണ് കസ്റ്റംസ് പിടികൂടിയത്. ഒന്‍പത് കണ്ടെയ്‌നറുകളിലായി എത്തിയ 70.56 ലക്ഷം സിഗരറ്റുകളാണ് പിടികൂടിയത്. ജിപ്‌സം പൊടി എന്ന പേരിലാണ് കണ്ടെയിനറുകള്‍ ചെന്നൈയില്‍ എത്തിയത്. ഇറാനില്‍ നിന്നുള്ള ചരക്ക് കപ്പലില്‍ കയറ്റിയത് യുഎഇയിലെ ജെബെല്‍ തുറമുഖത്തു നിന്നാണ്.

490 കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി ചെന്നൈയില്‍ എത്തിയ സിഗരറ്റുകള്‍ ഡിണ്ടിഗലിലെ കിസാന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഈ പെട്ടികള്‍ ജിപ്‌സം പൊടിയുടെ കവറില്‍ വെച്ചാണ് സിഗരറ്റ് കടത്താന്‍ ശ്രമിച്ചത്.

2003ലെ കോട്പ നിയമപ്രകാരം സിഗരറ്റിന്റെ പാക്കറ്റുകളില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നിര്‍ബന്ധമാണ്. പാക്കറ്റിന്റെ 80 ശതമാനം ഭാഗത്തും ആരോഗ്യസംരക്ഷണത്തിനായുള്ള മുന്നറിയിപ്പാണ് വേണ്ടത്. എന്നാല്‍ പിടിച്ചെടുത്ത പാക്കറ്റുകളില്‍ 50 ശതമാനം ഭാഗത്ത് മാത്രമേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളു.

2011ലെ ലീഗല്‍ മെട്രോളജി നിയമപ്രകാരം പാക്കറ്റിനു പുറത്ത് നിര്‍മ്മാതാവിന്റെ അല്ലെങ്കില്‍ ഇറക്കുമതി ചെയ്തവരുടെ പേരും വിലാസവും, ഉല്‍പ്പന്നത്തിന്റെ അളവ്, നിര്‍മ്മിച്ച തിയ്യതി, വില തുടങ്ങിയവ രേഖപ്പെടുത്തണം. എന്നാല്‍ പിടികൂടിയ സിഗരറ്റ് പാക്കറ്റുകളില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല.