അഴിമതിയില്‍ മോദി ലോക റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു: രാഹുല്‍ ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2018 06:10 PM  |  

Last Updated: 11th February 2018 06:10 PM  |   A+A-   |  

 

ബംഗളുരൂ: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിക്കും ബിജെപി സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ലോക റെക്കോര്‍ഡുകള്‍ ഭേദിക്കുകയാണ്. അതേസമയം കഴിഞ്ഞ അഞ്ചുവര്‍ഷമായി കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് ഒരു ആരോപണവും ഉന്നയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ഒരിക്കല്‍ കൂടി സിദ്ധരാമയ്യ സര്‍ക്കാരിനെ അധികാരത്തിലേറ്റിയാല്‍ നിങ്ങളൊടൊപ്പം നില്‍ക്കുന്ന സര്‍ക്കാരിനെ നിങ്ങള്‍ക്ക് ലഭിക്കും. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നിങ്ങളുടെ പിന്തുണവേണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു.അഴിമതിയെ കുറിച്ച് സംസാരിക്കാന്‍ ബി.ജെ.പിയ്ക്ക് ധാര്‍മ്മികമായ എന്ത് അവകാശമാണ് ഉള്ളത്. തന്റെ സുഹൃത്തുക്കളെ സഹായിക്കാനായി മോദി ഫ്രാന്‍സില്‍ പോയി റാഫേല്‍ വിമാന കരാറില്‍ മാറ്റം വരുത്തിയപ്പോള്‍ രാജ്യത്തിന്റെ പ്രതിരോധമന്ത്രി ഗോവയില്‍ മീന്‍ വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

സിദ്ധരാമയ്യയുടേത് അഴിമതി രഹിത ഭരണകൂടമാണ്. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തളളിയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുകയും ചെയ്ത സിദ്ധരാമ്മയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പഠിക്കണം. മോദിയുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് നോട്ടു നിരോധനത്തിനും ജിഎസ്ടിക്കും കാരണമെന്നും രാഹുല്‍ പറഞ്ഞു.നരേന്ദ്ര മോദി അഴിമതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷേ ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരാണ് അഴിമതിയുടെ റെക്കോര്‍ഡ് തകര്‍ത്തതെന്ന കാര്യം മോദി മറന്നുപോയി. ബിജെപി സര്‍ക്കാരിന്റെ അഴിമതിക്ക് മറ്റൊരു ഉദാഹരണമാണ് റാഫേല്‍ അഴിമതി രാഹുല്‍ പറഞ്ഞു.