മോദിയുടെ അപ്രതീക്ഷിത ലഹോര്‍ സന്ദര്‍ശനത്തിന് പാകിസ്ഥാന്‍ ഇന്ത്യയ്ക്കു നല്‍കിയത് ഒന്നര ലക്ഷത്തിന്റെ ബില്ല്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2018 01:29 PM  |  

Last Updated: 19th February 2018 01:29 PM  |   A+A-   |  

modi-nawaz

 

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ലഹോറിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നല്‍കിയത് ഒന്നര ലക്ഷം രൂപയുടെ ബില്ല്. മോദിയുടെ ഇന്ത്യന്‍ വ്യോമസേനാ വിമാനം പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിച്ചതിനാണ് പണം വാങ്ങിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 

സാമൂഹിക പ്രവര്‍ത്തകനായ ലോകോഷ് ബത്രയാണ് മോദിയുടെ യാത്രാ ചെലവു സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, റഷ്യ, ഇറാന്‍, ഫിജി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ബോയിങ് 737 വിമാനമാണ്പ്രധാനമന്ത്രി ഉപയോഗിച്ചത്. വ്യോമയാന റൂട്ടിലെ ചട്ടങ്ങള്‍ പ്രകാരമുള്ള നിരക്കാണ് പാകിസ്ഥാന്‍ ചോദിച്ചതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

റഷ്യ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെ 2015ലെ ക്രിസ്മസ് ദിനത്തിലാണ് മോദി അപ്രതീക്ഷിതമായി ലാഹോറില്‍ ഇറങ്ങിയത്. നവാസ് ഷെരീഫിന്റെ അഭ്യര്‍ഥനപ്രകാരം വൈകുന്നേരം 4.50ന് ലഹോറില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ ഷെരീഫ് നേരിട്ടെത്തി സ്വീകരിച്ചിരുന്നു. അന്ന് ഷെരീഫിന്റെ കുടംബ വീട്ടിലും മോദി സന്ദര്‍സനം നടത്തി. ഈ സന്ദര്‍ശനത്തിന്റെ പേരിലാണ് 1.49 ലക്ഷം രൂപയാണ് പാകിസ്താന്‍ ഇന്ത്യയില്‍ നിന്നും വാങ്ങിയത്.

2016 മെയ് മാസത്തില്‍ നടത്തിയ ഇറാന്‍ സന്ദര്‍ശനത്തിനും ജൂണ്‍ മാസത്തില്‍ നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തിനും പാക് വ്യോമപാത ഉപയോഗിച്ചതില്‍ 77,215 രൂപയും 59,215 രൂപയും വീതമാണ് പാകിസ്താന്‍ ഇന്ത്യയില്‍ നിന്നും വാങ്ങി. 20142016 വര്‍ഷത്തിനിടെ 2.89 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ഇന്ത്യ പാകിസ്താന് നല്‍കിയതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.