കാരാട്ടിന്റെ വിജയം മോദിയുടെത്; യെച്ചൂരി രാജിവെച്ചിരുന്നെങ്കില്‍ സിപിഎം അവതാളത്തിലായേനെ: സോമനാഥ് ചാറ്റര്‍ജി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2018 02:54 PM  |  

Last Updated: 23rd January 2018 02:58 PM  |   A+A-   |  

 

ന്യൂഡല്‍ഹി: സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്ന്  മുന്‍ ലോക്‌സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ വിമര്‍ശനം.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന നയം വോട്ടിനിട്ട് തളളിയതിന് പിന്നാലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തല്‍സ്ഥാനം രാജിവെച്ചിരുന്നുവെങ്കില്‍ പാര്‍ട്ടിയുടെ അവസ്ഥ അവതാളത്തിലാകുമായിരുന്നു. ഭിന്നതകള്‍ മറന്ന് എല്ലാവരെയും ഏകോപിപ്പിക്കാനാണ് സീതാറാം യെച്ചൂരി ശ്രമിച്ചത്. എങ്കിലും ക്ഷമയ്ക്ക് ഒരു പരിധിയുണ്ടെന്ന് സോമനാഥ് ചാറ്റര്‍ജി കുറ്റപ്പെടുത്തി. 

കേന്ദ്രകമ്മിറ്റിയിലെ പ്രകാശ് കാരാട്ടിന്റെ വിജയം യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണ് ഗുണം ചെയ്തത്. ബിജെപിയെ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസുമായുളള സഹകരണം അനിവാര്യമാണെന്നും സോമനാഥ് ചാറ്റര്‍ജി ഒരു ദേശീയ ദിനപത്രത്തോട് പറഞ്ഞു.

ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പ്രകാശ് കാരാട്ട് സ്വീകരിച്ച നയങ്ങളും തീരുമാനങ്ങളും സിപിഎമ്മിനെ വംശനാശഭീഷണിയിലേക്ക് നയിച്ചിരിക്കുകയാണ്. ജോതിബസുവിന് പ്രധാനമന്ത്രിയാകാനുളള അവസരം കളഞ്ഞുകുളിച്ചതും കാരാട്ടിന്റെ ഇടപെടല്‍ മൂലമാണ്. യുപിഎ സര്‍ക്കാരിനുളള പിന്തുണ സിപിഎം പിന്‍വലിച്ചത് അടക്കമുളള വിഷയങ്ങളിലും പ്രകാശ് കാരാട്ടിനെ സോമനാഥ് ചാറ്റര്‍ജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.