ക്ലാസ് ലീഡറാക്കിയില്ല; 14 വയസ്സുകാരന്‍ തൂങ്ങിമരിച്ച നിലയില്‍ 

ക്ലാസ് ലീഡറായി തെരഞ്ഞെടുക്കാത്തതിലുളള മനോവിഷമം മൂലം സ്‌കൂള്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗലൂരു: ക്ലാസ് ലീഡറായി തെരഞ്ഞെടുക്കാത്തതിലുളള മനോവിഷമം മൂലം സ്‌കൂള്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. കര്‍ണാടക തലസ്ഥാനമായ ബംഗലൂരുവിലെ  രാജരാജേശ്വരി നഗറിലാണ് സംഭവം.

ബാല്‍ഡ്‌വിന്‍ കോ എഡ്യൂക്കേഷന്‍ എക്‌സ്റ്റന്‍ഷന്‍ ഹൈസ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആര്‍ ധ്രുവരാജിനെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ക്ലാസ് ലീഡറാക്കാത്തതില്‍ കുട്ടി മനോവിഷമത്തിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഈ ആരോപണം സ്‌കൂള്‍ നിഷേധിച്ചു. വ്യക്തിപരമായ കാരണങ്ങളാകാം വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വാദിക്കുന്നു.

രാത്രി 10.30 ഓടേയാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ തയ്യാറാകാതിരുന്ന ധ്രുവരാജ് മുറിയുടെ വാതിലടയ്ക്കുകയായിരുന്നു. സംശയം തോന്നിയ താന്‍ അയല്‍വാസിയെ വിളിച്ചുവരുത്തി വാതില്‍ തളളിത്തുറന്നു അകത്ത് പ്രവേശിച്ചുവെങ്കിലും മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.

ഒരു മാസം മുന്‍പാണ് സ്‌കൂളില്‍ തെരഞ്ഞെടുപ്പ് നടന്നത്. നാലുപേരാണ് എതിരാളികളായി മത്സരരംഗത്തുണ്ടായിരുന്നത്. ജയിക്കുമെന്ന് തന്റെ മകന് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സഹപാഠിയെ തെരഞ്ഞെടുത്തതില്‍ ധ്രുവരാജ് നിരാശയിലായിരുന്നു. തന്നെ അവഗണിക്കാന്‍ ഒരു കാരണവുമില്ലെന്ന് കുട്ടി വിശ്വസിച്ചിരുന്നതായി അമ്മ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com