ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ ഫലം കാണുന്നു ? വൈഎസ്ആര്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാളയത്തിലേക്ക് !

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2018 05:25 PM  |  

Last Updated: 16th July 2018 05:25 PM  |   A+A-   |  

ഹൈദരാബാദ് : രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വോട്ടുചെയ്യാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കിയത് ആന്ധ്ര രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്നു. ജഗന്റെ ഈ നീക്കത്തിന് പിന്നില്‍ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങളാണെന്നാണ് സൂചന. 

മുന്‍മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയെ കോണ്‍ഗ്രസില്‍ തിരികെ എത്തിച്ച ഉമ്മന്‍ചാണ്ടി ജഗന്‍മോഹനെ പാര്‍ട്ടിയിലെത്തിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നു. ജഗന്‍ കോണ്‍ഗ്രസില്‍ ലയിച്ചില്ലെങ്കില്‍, അദ്ദേഹത്തിന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസ് സഖ്യത്തില്‍ നിര്‍ത്തുക എങ്കിലും ചെയ്യാനാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിടുന്നത്. 

അനപര്‍തി നിയമസഭാ മണ്ഡലത്തിലെ ഗോല്ലഡ മാമിഡഡ ഗ്രാമത്തില്‍ ചേര്‍ന്ന പാര്‍ട്ടി റീജണല്‍ കോര്‍ഡിനേറ്റേഴ്‌സുമാരുടെ യോഗത്തിലാണ് ബിജെപിയെ പിന്തുണക്കേണ്ടെന്ന തീരുമാനം എടുത്തത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടു. അതിനാല്‍ രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യേണ്ടെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് ജഗന്‍മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കിയത്.