അരുണാചല്‍ പ്രദേശില്‍ ഏഴു പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2018 04:26 PM  |  

Last Updated: 17th July 2018 04:26 PM  |   A+A-   |  

 

ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ തൂത്തുവാരാന്‍ ലക്ഷ്യമിടുന്ന ബിജെപിക്ക് അരുണാചല്‍ പ്രദേശില്‍ നിന്നും സന്തോഷ വാര്‍ത്ത. അരുണാചല്‍ പ്രദേശിലെ 60 അംഗ നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷത്തോടെ ഭരണം നടത്തുന്ന പെമഖണ്ഡുവിന്റെ നേതൃത്വത്തിലുളള സഖ്യസര്‍ക്കാരിന് കരുത്തുപകര്‍ന്ന് ഏഴു പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപി പാളയത്തില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 

അരുണാചല്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പെമഖണ്ഡു, നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാംഗ്മ, വടക്കു കിഴക്കന്‍ ജനാധിപത്യ മുന്നണി കോര്‍ഡിനേറ്റര്‍ ഹിമന്താ ബിസ്വ ശര്‍മ്മ എന്നിവരുടെ നേതൃത്വത്തില്‍ വരുംദിവസം നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊളളും. പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലെ ഏഴു എംഎല്‍എമാര്‍ മുന്നണിയില്‍ ചേരുന്നത് സംബന്ധിച്ച തീരുമാനമാണ് യോഗം സ്വീകരിക്കുക. പീപ്പീള്‍സ് പാര്‍ട്ടി വിടാനുളള എംഎല്‍എമാരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പറഞ്ഞു.നിലവില്‍ ബിജെപി സഖ്യത്തിന്റെ ഭാഗമാണെങ്കിലും , നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് സഭയില്‍ പ്രാതിനിധ്യമില്ല. ഈ ഏഴു എംഎല്‍എമാര്‍ എന്‍പിപിയില്‍ ചേരുന്നതോടെ അംഗസംഖ്യ ഏഴായി ഉയരും.

60 അംഗ നിയമസഭയില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന ബിജെപിക്ക് 48 അംഗങ്ങളാണുളളത്. പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്നും ഏഴു പേര്‍ വരുന്നതോടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് സഭയില്‍ പ്രാതിനിധ്യം ലഭിക്കും. ഒന്‍പത് അംഗങ്ങളുണ്ടായിരുന്ന പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ അംഗസംഖ്യ രണ്ടായി ചുരുങ്ങുമെന്നും റിപ്പോര്‍്ട്ടുകള്‍ വ്യക്തമാക്കുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിരുദ്ധ ബിജെപി സഖ്യത്തെ വടക്കുകിഴക്കന്‍ ജനാധിപത്യ മുന്നണി എന്നാണ് വിളിക്കുന്നത്.