'കണ്ണുകിട്ടരുതെന്ന പ്രാര്‍ത്ഥന മാത്രമേയുളളു'; പാടത്ത് മോദിയുടെയും അമിത് ഷായുടെയും കട്ട്ഔട്ടുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2018 05:03 PM  |  

Last Updated: 17th July 2018 05:03 PM  |   A+A-   |  

 

ചിക്കമംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ട് രണ്ടുമാസമായി.ചിക്കമംഗലൂരു ജില്ലയിലെ അഞ്ചുനിയമസഭ സീറ്റുകളും ബിജെപി തൂത്തുവാരി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും വമ്പിച്ച പ്രചാരണമാണ് ജില്ലയില്‍ പ്രതിഫലിച്ചത്.

പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷായുടെയും മോദിയുടെയും ബി എസ് യെദ്യൂരപ്പയുടെയും വമ്പന്‍ കട്ട്ഔട്ടുകളാണ് ജില്ലയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ കട്ട്ഔട്ടുകള്‍ ഇപ്പോള്‍ എവിടെ എന്ന ചോദ്യം ഉന്നയിച്ചാല്‍ ഉത്തരം കേട്ട് ചിലപ്പോള്‍ ഞെട്ടിയെന്ന് വരാം. ജില്ലയിലെ കര്‍ഷകര്‍ അവരുടെ പാടത്ത് നോക്കുകുത്തികളാക്കി സ്ഥാപിച്ചിരിക്കുകയാണ് ഈ കട്ട്ഔട്ടുകള്‍. താരികേരി താലൂക്കിലാണ് ഇത്തരം കട്ട്ഔട്ടുകള്‍ പാടത്ത് വ്യാപകമായി നില്‍ക്കുന്ന കാഴ്ച ദൃശ്യമാകുന്നത്.

ഇത്തവണ മികച്ച മണ്‍സൂണാണ് പ്രദേശത്ത് ലഭിക്കുന്നത്. വിത്തിടല്‍ ജോലികള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. മികച്ച വിളവ് പ്രതീക്ഷിക്കുന്ന കര്‍ഷകര്‍ കണ്ണ് കിട്ടാതിരിക്കാനാണ് വ്യാപകമായി പാടത്ത് നോക്കുകുത്തികള്‍ സ്ഥാപിച്ചിരിക്കുന്നത്. ബിജെപി ഇതിനെതിരെ രംഗത്തുവന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

TAGS
BJP